Headlines

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ മൃതദേഹം സംസ്‌കരിച്ചു

ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ചത്. വേണുവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു.

അടിയന്തര ചികിത്സ നിർദേശിച്ച് മെഡിക്കൽ കോളജിലേക്ക് അയച്ച വേണുവിന് ആറ് ദിവസമായി യാതൊരു ചികിത്സയും ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. തനിക്ക് ചികിത്സ നിഷേധിച്ചിതായി വേണു പറയുന്ന ഓഡിയോ സന്ദേശം ട്വന്റി ഫോർ പുറത്തുവിട്ടു.

നെഞ്ചുവേദനയെ തുടർന്ന് ഇക്കഴിഞ്ഞ 31നാണ് വേണുവിനെ ചവറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. അടിയന്തിര ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ച് ദിവസം മെഡിക്കൽ കോളജിൽ കഴിഞ്ഞിട്ടും യാതോരു ചികിത്സയും ലഭിച്ചില്ലെന്നാണ് മരിക്കുന്നതിന് മുൻപ് വേണുവിൻ്റെ അയച്ച സന്ദേശത്തിൽ പറയുന്നത്.

ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായ വേണു മരിച്ചു. മരണ വിവരം പോലും അറിയിച്ചത് വൈകിയാണെന്നും കുടുംബം പറഞ്ഞു.സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ വിശദീകരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചികിത്സാ നിഷേധത്തിൽ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിൽ ദേശീയ പാത ഉപരോധിച്ചു.