കെ സുധാകരന്റ വിമര്‍ശനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെയാരുന്നു കെ സുധാകരന്റെ വിമര്‍ശനം. വിഷയത്തില്‍ പ്രതികരിച്ച വിഡി സതീശന്‍ താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് പറഞ്ഞു.
എന്റെ ഭാഗത്ത് ഒരു തെറ്റ് ഉണ്ടായെങ്കിലോ തെറ്റ് പറഞ്ഞെങ്കിലോ വിമര്‍ശിക്കാനുള്ള അധികാരം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വരെയുണ്ട്. അവരെല്ലാം മുതിര്‍ന്ന ആളുകളാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗമാണ് കെ സുധാകരന്‍. എനിക്ക് അദ്ദേഹം പറഞ്ഞതിനോടൊന്നും യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. അവര്‍ക്ക് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍, എവിടെ പറയണം എങ്ങനെ പറയണം എന്നത് അവരാണ് ആലോചിക്കേണ്ടത് – അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ മീഡിയയുടെ ചുമതലയില്‍ നിന്നും വി.ടി.ബല്‍റാമിലെ മാറ്റിയ സംഭവത്തിലുംപ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇത്തരത്തില്‍ ഔദ്യോഗികമായ ഒരു സോഷ്യല്‍ മീഡിയ സംവിധാനം കേരളത്തിലെ പാര്‍ട്ടിക്ക് ഉള്ളതായി എനിക്ക് അറിയില്ല. കെപിസിസി പ്രസിഡന്റിനോട് നിങ്ങള്‍ ചോദിക്കണം. കോണ്‍ഗ്രസിന്റെ പേരില്‍ ഒരുപാട് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വിരുദ്ധരാണോ ഉണ്ടാക്കിയിട്ടുള്ളത് എന്ന് തോന്നത്തക്ക വിധത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ വാര്‍ത്തകള്‍ ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. അത് കെപിസിസി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
കുന്നംകുളത്തെ പൊലീസുകാരെ സര്‍വിസില്‍ നിന്നും പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കേരള പൊലീസിന്റെ തനിനിറമാണ് പുറത്തുവന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. പീച്ചിയിലെ സംഭവം പൂഴ്ത്തിവച്ചു – അദ്ദേഹം വ്യക്തമാക്കി.