തിരുവനന്തപുരം∙ ‘‘അവര് കൈവിട്ട മട്ടിലാണ് നില്‍ക്കുന്നത്. ഒരു തെരച്ചിലും അവര്‍ നടത്തുന്നതായി തോന്നുന്നില്ല. എനിക്ക് എന്റെ ഭര്‍ത്താവിനെ തിരിച്ചു വേണം. എന്റെ രണ്ടു കുട്ടികളോടു ഞാന്‍ എന്തു മറുപടി പറയും. പപ്പ എവിടെ എന്ന് അവരു ചോദിക്കുന്നു. കടലില്‍ പോയ പപ്പ എന്തുകൊണ്ടു തിരിച്ചുവരുന്നില്ലെന്ന് ചോദിക്കുന്നു. ഞാന്‍ എന്തു മറുപടി പറയും. എനിക്കറിയാന്‍ വയ്യ. പറഞ്ഞു, പറഞ്ഞു ഞാന്‍ മടുത്ത’’. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുതെങ്ങ് കൊച്ചുമേത്തന്‍കടവ് ഷെക്കീന ഭവനില്‍ ഷിജിന്റെ(32) ഭാര്യ സ്റ്റിജിയുടെ കണ്ണീരോടെയുള്ള വാക്കുകളാണിത്. ഷിജിന്റെ സുഹൃത്തുകളായ സ്‌കൂബാ ഡൈവര്‍മാരാണ് ഇന്നലെ തിരച്ചില്‍ നടത്തിയത്. സര്‍ക്കാര്‍ നിയോഗിച്ചവരല്ല വന്നതെന്നും സ്റ്റിജി പറഞ്ഞു.സര്‍ക്കാരിന്റെ ആളുകള്‍ വന്ന് ഓരോന്നും പറഞ്ഞു മടങ്ങിപ്പോകുകയാണ്. ആശ്വാസവാക്കുകളല്ല, വേണ്ടത്. എന്റെ ഭര്‍ത്താവിനെ തിരിച്ചു വേണം. യുദ്ധം കാരണം വിദേശത്തേക്കു പോകാന്‍ കഴിയാതിരുന്നതാണ്. കുഞ്ഞുങ്ങളെ നോക്കാന്‍ വേണ്ടി കടലില്‍ പോയതാണ് ഷിജിന്‍ എന്നും സ്റ്റിജി പറഞ്ഞു. ഷിജിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കനത്ത മഴയില്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തന്റെ ഭർത്താവിനെ കണ്ടെത്തുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്ന് അവർ കൂട്ടിച്ചേർത്തു.തിരച്ചില്‍ ഊര്‍ജിമായി നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും അപകടമുണ്ടായി എട്ടാം ദിവസവും ഷിജിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫിഷറീസ് കോസ്റ്റല്‍ പൊലീസ് വിഭാഗങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്തുനിന്നുള്ള സ്‌കൂബ ടീം രണ്ടാം ദിവസമായ ഇന്നലെയും അപകടമുണ്ടായ അഴിമുഖ മുനമ്പു കേന്ദ്രീകരിച്ചു മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളി രാത്രി 10 മണിയോടെയാണു നാലംഗ മത്സ്യത്തൊഴിലാളി സംഘം കയറിയ കാരിയര്‍ ബോട്ട് അഴിമുഖ മുനമ്പില്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു മറിഞ്ഞ് ഷിജിനെ കാണാതായത്. ഭാര്യയും രണ്ടു കുരുന്നുകളും അടങ്ങുന്ന കുടുംബം ഷിജിന്റെ മടങ്ങിവരവിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. ഷിജിന്റെ മാതാപിതാക്കള്‍ നേരത്തേ മരിച്ചതാണ്. മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്നാണ് ഷിജിനെ വളര്‍ത്തിയത്.
അതേസമയം, ഏറെ ദുഃഖകരമായ അവസ്ഥയാണുള്ളതെന്നും തിരച്ചില്‍ കാര്യക്ഷമമല്ലെന്നും ഷിജിന്റെ വീട്ടിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. അപകടമുണ്ടായി ആദ്യമണിക്കൂറുകളില്‍ ഫലപ്രദമായ തിരച്ചില്‍ നടത്തിയില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഓഖിയുടെ സമയത്ത് അനുവദിച്ച തരത്തില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന്‍ നഷ്ടമാകുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് യൂജിന്‍ പെരേര രംഗത്തെത്തി. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ സ്ഥിതിക്കു കാരണമെന്നും മുന്നറിയിപ്പു സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സികള്‍ ഉറക്കത്തിലാണ്. മുതലപ്പൊഴിയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ജൂണില്‍ തന്നെ ഫിഷറീസ് മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ശക്തമായ പ്രതിഷേധ പരിപാടികളിലേക്കു കടക്കേണ്ട നിലയാണെന്നും യൂജിന്‍ പെരേര പറഞ്ഞു.






