Headlines

‘നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടി’; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് സ്ത്രീയും കുട്ടികളും

 

രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്നാണ് ആരോപണം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. അതേസമയം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീൽസിന് പിന്നാലെ, ജെൻ-സി വിഭാഗവുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.

 

 

വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തന്നോട് നേരിട്ട് സംവദിക്കാൻ അദ്ദേഹം ഇതിലൂടെ അവസരമൊരുക്കിയിട്ടുണ്ട്. “വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ, കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി എക്സിൽ (X) കുറിച്ചു. ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ സമർപ്പിക്കാൻ സാധിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

 

രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ തങ്ങളുടെ ജെൻ-സി ബന്ധം ദൃഢമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും യുവാക്കളെ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങളിലൂടെയും യുവതലമുറയുമായി സംവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കൾക്കിടയിൽ ഇൻസ്റ്റാഗ്രാമിനുള്ള ജനപ്രീതി ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രിമാർ റീൽസുകൾ പോസ്റ്റ് ചെയ്യാനും സംവാദ സെഷനുകൾ നടത്താനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശം വന്നത്.