Headlines

‘രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ’; ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ

രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് ഓഫീസർ. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷന് മുന്നിലുണ്ട്. രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണമെന്നും കമ്മിഷൻ പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ ഉണ്ടാകുമെന്നും ഹരിയാന തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.

ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങളാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയ്ക്കുമെതിരെയുള്ള ആരോപണം.സംസ്ഥാനം പൂർണമായും തട്ടിയെടുത്തതിന്റെ കഥയാണ് ഹരിയാനയിലേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു.

അതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തുവന്നു. ഇതാണോ ആറ്റം ബോംബെന്ന് കിരണ്‍ റിജിജു പരിഹസിച്ചു. പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണ്.

രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിങ് ബൂത്തിൽ ഏജൻ്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു.