കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്

കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് ( 32) മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് ആലുവഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമിന് സമീപത്തെ എമർജൻസി ട്രാക്കിലൂടെ പാളത്തിന് നടുവിലേക്ക് പോകുകയായിരുന്നു. ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പിന്മാറിയില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അനുനയശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പാളത്തിൽ നിന്ന് റോഡിലേക്ക് ചാടിയത്.