തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു.
മണികണ്ഠന്‍ ആണ് മരിച്ചത്. അറസ്റ്റ് ചെയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചെന്നാണ് പൊലീസ് വാദം.
ചൊവ്വാഴ്ച രാത്രിയാണ് സ്‌പെഷ്യല്‍ എസ്‌ഐ ഷ്ണ്മുഖസുന്ദരം കൊല്ലപ്പെട്ടത് എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍ തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കേസില്‍ ഫാം ഹൗസിലെ ജോലിക്കാരായമൂര്‍ത്തി, മക്കളായ മണികണ്ഠന്‍, തങ്കപാണ്ടി എന്നിവരായിരുന്നു പ്രതികള്‍.
മദ്യപിക്കുന്നതിനിടെ മൂര്‍ത്തിയും മകന്‍ തങ്കപാണ്ടിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തങ്കപാണ്ടി അച്ഛനെ ആക്രമിക്കുകയും ചെയ്തു. മൂര്‍ത്തിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എസ്ഐ ഷണ്‍മുഖസുന്ദരം കോണ്‍സ്റ്റബിളിനൊപ്പം സംഭവ സ്ഥലത്തെത്തുന്നത്. മൂര്‍ത്തിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ, മൂര്‍ത്തിയുടെ മൂത്ത മകന്‍ മണികണ്ഠന്‍ ഷണ്‍മുഖസുന്ദരത്തെ അരിവാള്‍ കൊണ്ട് ആക്രമക്കുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ ഷണ്‍മുഖസുന്ദരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഷണ്‍മുഖസുന്ദരത്തെ കൊലപ്പെടുത്തിയ മണികണ്ഠനാണ് വെടിയേറ്റ് മരിച്ചത്.