പത്തനംതിട്ട തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഒളിവിലുള്ള നാല് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൊലീസുകാർ ആരെങ്കിലും സ്പായിൽ നിന്ന് പണം മാസപ്പടിയായി വാങ്ങിയിട്ടുണ്ടോയെന്നും പ്രത്യേകസംഘം അന്വേഷിക്കും.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിൻ്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സംഭവത്തിന് ശേഷം സ്പായിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
പ്രതി അലക്സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരണം എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. സംഭവം പുറത്തുപറഞ്ഞാൽ കുന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതി ആയിരുന്നു പൊലീസ് കേസ് എടുത്തത്.








