സിപിഐയേയും, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തേയും രൂക്ഷമായി വിമർശിച്ച സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാറിനെ തള്ളി നേതൃത്വം. എസ് അജയകുമാർ തിരുത്തണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പറഞ്ഞു. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും ഇ എൻ സുരേഷ്ബാബു പ്രതികരിച്ചു. കഴിഞ്ഞ ദിവസം സിപിഐഎം പരിപാടിയിലായിരുന്നു എസ് അജയകുമാറിന്റെ രൂക്ഷവിമർശനവും പരിഹാസവും.സിപിഐ – സിപിഐഎം ബന്ധം സഹോദര തുല്യമാണെന്ന് ഇ എൻ സുരേഷ്ബാബു പറഞ്ഞു. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി പി എം തള്ളി കളയും. സിപിഐയും സിപിഐഎമ്മും വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്ന് അദേഹം പറഞ്ഞു. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്നായിരുന്നു എസ് അജയകുമാറിന്റെ പരാമർശം. സിപിഐയെയും അദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐയ്ക്കെന്നും തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനമെന്നും അദേഹം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു. ആരൊക്കെ മത്സര രംഗത്ത് ഉണ്ടാകും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ആലോചനകൾ പോലും നടന്നിട്ടില്ല. ചിറ്റൂരിൽ മന്ത്രി കൃഷ്ണൻ കുട്ടി മത്സരിക്കാൻ ഇല്ലെങ്കിൽ അവരുടെ പാർട്ടി തന്നെ സ്ഥാനാർത്ഥിയെ നിർത്തും. സിപിഐഎം ചിറ്റൂർ ഏറ്റെടുക്കുന്ന കാര്യം ആലോചനയിൽ ഇല്ലെന്ന് അദേഹം വ്യക്തമാക്കി.





