കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ ഓൺലൈൻ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.