തമിഴ്‌നാട് പോരാടുന്നത് ആര്‍ക്കെതിരെയെന്ന് പരിഹസിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി; തലച്ചോറില്‍ മതഭ്രാന്തുള്ളവര്‍ക്കെതിരെയെന്ന് തിരിച്ചടിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. സര്‍ക്കാരിന്റെ തമിഴ്‌നാട് പൊരുതും, തമിഴ്‌നാട് ജയിക്കും ക്യാംപെയ്‌നെതിരെ ഗവര്‍ണര്‍ ആര്‍ എന്‍ രവി വിമര്‍ശനമുന്നയിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ ബന്ധം വഷളാക്കിയിരിക്കുന്നത്. നിങ്ങള്‍ ആരോടാണ് പൊരുതുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. അധികാരത്തിന് അപ്പുറത്തേക്ക് കടന്നുകയറുന്ന ഗവര്‍ണര്‍ക്കെതിരെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തിരിച്ചടിച്ചു.

പൊരുതാന്‍ തമിഴ്‌നാടിന് ശത്രുവോ സംഘര്‍ഷമോ ഇല്ലല്ലോ എന്നായിരുന്നു സര്‍ക്കാര്‍ ക്യാംപെയ്‌നെതിരെ ഗവര്‍ണറുടെ പരിഹാസം. താന്‍ നാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഉടനീളം തമിഴ്‌നാട് പൊരുതും എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററുകളാണെന്നും ആരോടാണ് പോരാടുന്നതെന്ന് മാത്രം ആരും പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാട് ആക്രമണത്തിന്റെ വക്കിലൊന്നുമായതായി തനിക്കറിയില്ല. എല്ലാവരും സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കുകയാണ് വേണ്ടത്. ഭിന്നിപ്പുണ്ടാക്കുന്ന ചിന്തകളില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ ആര്‍ എന്‍ രവി പൊതുവേദിയില്‍ പറഞ്ഞു. തിരുവരുത്പ്രകാശ വള്ളാളരുടെ 202-ാമത് അവതാര ദിനാഘോഷത്തില്‍ ഭക്തരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോടാണ് പോരാട്ടമെന്ന ഗവര്‍ണറുടെ സംശയം മാറ്റാന്‍ മറുപടിയായി ഒരു നീണ്ട എക്‌സ് പോസ്റ്റാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എഴുതിയത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടെ ചരിത്രത്തേയും ശാസ്ത്രത്തേയും വളച്ചൊടിക്കുന്നതിനുമെതിരായാണ് പോരാടുന്നതെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്ര ചിന്ത വികസിപ്പിക്കുന്നതിന് പകരം കെട്ടിച്ചമച്ച കഥകള്‍ പറഞ്ഞും അശാസ്ത്രീയത പരത്തിയും യുവതലമുറയെ ഒരു നൂറ്റാണ്ട് പിന്നോട്ടേക്ക് നടത്തിക്കുന്നതിനെതിരായാണ് തമിഴ്‌നാടിന്റെ പോരാട്ടം. മനുസ്മൃതിയിലെ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വികസനത്തെ ഇല്ലായ്മ ചെയ്യുന്ന ഭരണഘടനയുടെ അന്തസ്സ് ഇല്ലാതാക്കാന്‍ നോക്കുന്ന, തലച്ചോറില്‍ മതഭ്രാന്ത് മാത്രമുള്ളവര്‍ക്കെതിരായാണ് പോരാട്ടമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.