റാഞ്ചി ∙ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മന്ത്രിയുമായ സുദിവ്യ കുമാർ സോനു (56) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മന്ത്രിയുടെ മരണവിവരം പാർട്ടി പുറത്തുവിട്ടത്. ജാർഖണ്ഡിലെ ഗിരിദിഹ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്ന സുദിവ്യ കുമാർ ഉന്നത സാങ്കേതിക വിദ്യാഭ്യാസം, നഗരവികസനം, ടൂറിസം, കല, സംസ്കാരം, കായികം, യുവജനകാര്യ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
സുദിവ്യ കുമാർ സോനുവിന്റെ മരണം സർക്കാരിനും സംസ്ഥാനത്തിനും നികത്താനാവാത്തതാണെന്ന് അനുശോചന കുറിപ്പിൽ ജെഎംഎം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സോനുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മന്ത്രി മരിച്ചതെന്ന് ജാർഖണ്ഡ് ഗതാഗത, റവന്യു മന്ത്രി ദീപക് ബിറുവ പറഞ്ഞു.








