ഝാർഖണ്ഡിൽ വൻ രാഷ്ട്രീയ മാറ്റം. ജെഎംഎം എൻഡിഎയിലേക്കെന്ന് സൂചന. മുഖ്യമന്ത്രി ഹേമന്ത് സൊറൻ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യാ സഖ്യവുമായി ജെഎംഎം അകന്ന് നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിഹാർ തിരഞ്ഞെടുപ്പ് ഘട്ടത്തിലും പാർലമെന്റിൽ സ്വീകരിക്കുന്ന നിലപാടുകളിലും ജെഎംഎമ്മിനെ പാടെ അവഗണിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ജെഎംഎമ്മിന് സ്വാധീനമുള്ള 12 ഓളം സീറ്റുകൾ ബിഹാറിലുണ്ടായിരുന്നു. അതിനാൽ മഹാസഖ്യത്തിന്റെ ഭാഗമാക്കണമെന്ന് അഭ്യർഥനയും നടത്തിയിരുന്നു. എന്നാൽ മഹാസഖ്യം ഇത് അവഗണിക്കുകയായിരുന്നു. പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ജെഎംഎം അവസാനഘട്ടത്തിൽ പിന്മാറുകയായിരുന്നു. ബിഹാറിലുണ്ടായ എൻഡിഎയുടെ വൻ വിജയം ഹേമന്ത് സോറനെ എൻഡിഎയുമായി അടുപ്പിക്കാൻ കാരണമായാതായി പറയുന്നുണ്ട്. ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഝാർഖണ്ഡിൽ 81 നിയമസഭാ സീറ്റുകളാണുള്ളത്, ഭൂരിപക്ഷത്തിന് 41 സീറ്റുകൾ ആവശ്യമാണ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ നിലവിൽ സഖ്യ സർക്കാരിനെയാണ് നയിക്കുന്നത്. ജെഎംഎമ്മിന് 34 സീറ്റുകളുണ്ട്. കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് (ആർജെഡി) 4 സീറ്റുകളും സിപിഐ-എംഎൽ (എൽ) 2 നിയമസഭാംഗങ്ങളുമാണുള്ളത്. ഇങ്ങനെ ഭരണപക്ഷത്ത് 56 അംഗങ്ങളാണ് ഉള്ളത്.
ഹേമന്ത് സോറൻ എൻഡിഎ സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചാൽ രാഷ്ട്രീയ കണക്കുകൾ മാറും. ജെഎംഎമ്മിന്റെ 34 സീറ്റുകൾ ബിജെപിയുടെ 21, എൽജെപിയുടെ 1, എജെഎസ്‌യുവിന്റെ 1, ജെഡിയുവിന്റെ 1, മറ്റുള്ളവർക്ക് 1 എന്നിവയുമായി ചേരുമ്പോൾ ഭൂരിപക്ഷം 58 ആയി ഉയരും. ജെഎംഎം-ബിജെപി സഖ്യം യാഥാർത്ഥ്യമായാൽ അത് സമീപ കാലത്തെ ഏറ്റവും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായിരിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.







