Headlines

ഇന്ത്യൻ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കും, വംശീയ ആക്രമണത്തിനെതിരെ നടപടികൾ ശക്തമാക്കുമെന്ന് അയ‍ർലൻഡ്

കേംബ്രിഡ്ജ്: അയർലൻഡിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയർലാൻഡ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ്. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയർലൻഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നൽകിയിരിക്കുന്നത്. കേംബ്രിഡ്ജ് മുൻ മേയറും ബ്രിട്ടനിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന മലയാളി അഭിഭാഷകൻ ബൈജു തിട്ടല അയർലൻഡ് പ്രസിഡന്റിന് നൽകിയ പരാതിയിലാണ് സർക്കാരിന്റെ പ്രതികരണം. ശക്തമായ നടപടിയുണ്ടാവുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും വംശീയ ആക്രമണങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും വിശദമാക്കുന്നതാണ് അയർലൻഡ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രി ജിം ഒ കല്ലഗനും ബൈജു തിട്ടലയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. അയർലാൻഡിലെ ജനങ്ങൾ വച്ചുപുലർത്തിയിരുന്ന മൂല്യങ്ങൾക്കെതിരാണ് അടുത്തിടെയുണ്ടായ ആക്രമണങ്ങൾ.കൗമാരക്കാർ അടക്കമുള്ളവരുടെ ഇത്തരം വംശീയ ആക്രമണങ്ങളെ അപലപിക്കുന്നു.

അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മൂലവുമാകാണ് ഇത്തരം ആക്രമണങ്ങളെന്നും ഇത്തരം ആക്രമണങ്ങൾ അയർലൻഡിന് ജീവൻ നൽകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഉപകാരികളായ ഇന്ത്യക്കാരുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതാണ്. വ‍ർഷങ്ങളായുള്ള കുടിയേറ്റമാണ് അയർലൻഡിനെ ഇന്നത്തെ രീതിയിൽ പുരോഗതിയിലേക്ക് എത്തിച്ചത്. അയർലൻഡിൽ വന്ന ശേഷം മടങ്ങിയവ‍ർ കൊണ്ടുപോവുന്നത് ഈ രാജ്യത്തെ മൂല്യങ്ങളാണ്. ഇതെല്ലാം മലീമസമാക്കുന്ന രീതിയിൽ വെറുപ്പ് പടരുന്ന രീതിയിലെ പ്രചാരണങ്ങൾ ചെറുക്കുമെന്നും പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത്.

നിയമപരമായി ടാക്സ് അടക്കമുള്ളവ അടച്ച് അയർലൻഡിൽ കഴിയുന്ന ജോലിക്കാരും വിദ്യാർത്ഥികൾക്കുമെതിരായ വംശീയ ആക്രമണം വർധിക്കുന്നുവെന്ന് വിശദമാക്കിയ ഇമെയിൽ പരാതിയിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് അടക്കം നേരിട്ട വംശീയ ആക്രമണം ചൂണ്ടിക്കാണിച്ചിരുന്നു. ഈ മെയിൽ അയർലൻഡ് പ്രസിഡന്റ് പ്രതിരോധ മന്ത്രാലയത്തിനും കുടിയേറ്റ മന്ത്രാലയത്തിനും കൈമാറുകയായിരുന്നുവെന്നാണ് ബൈജു തിട്ടല വിശദമാക്കുന്നത്.