ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു . നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 130 പേരെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദുരന്തമേഖലയിൽ ആകാശനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.