Headlines

പരുക്കേറ്റ പന്തിറങ്ങി, വിശ്രമമില്ലാതെ സിറാജ് പന്തെറിഞ്ഞു, ഈ സ്പിരിറ്റാണ് എല്ലാ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്; സുനിൽ ഗാവസ്‌കർ

‘ജോലിഭാരം’ എന്ന വാക്ക് ഇന്ത്യൻ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ. രാജ്യത്തിന് വേണ്ടി കളത്തിൽ ഇറങ്ങുമ്പോൾ വേദനകളും ബുദ്ധിമുട്ടുകളും മറക്കണം. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി എല്ലാ ടെസ്റ്റ് മത്സരങ്ങളും കളിച്ച പേസർ മുഹമ്മദ് സിറാജിനെ ഉദാഹരണാമാക്കി അദ്ദേഹം പറഞ്ഞു. പൂർണ ആത്മാർത്ഥതയോടെ കളത്തിൽ ഇറങ്ങികൊണ്ട് ജോലിഭാരം എന്നത് സിറാജ് പൊളിച്ചെഴുതി. ഇന്ത്യൻ സൈനികരും പരാതിപ്പെടാതെ ചെയ്യുന്ന കാര്യമാണ് ഇതെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു

പരുക്കിന്റെ പിടിയിലായിരുന്നിട്ടും പ്രതിസന്ധിഘട്ടത്തിൽ ബാറ്റ് ചെയ്യാനായി കളത്തിൽ ഇറങ്ങിയിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ഈ ഒരു സ്പോർട്സ്മാൻ സ്പിരിറ്റാണ് എല്ലാ താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം. അഞ്ച് ടെസ്റ്റ് മത്സരങ്ങളിലായി ആയിരത്തിൽപരം ബൗളുകളാണ് സിറാജ് എറിഞ്ഞത്. വിശ്രമമില്ലാതെ മത്സരിച്ച അദ്ദേഹം പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റുകൾ (23) നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കി. ഇതുതന്നെയാണ് മറ്റു താരങ്ങളില്‍ നിന്ന് രാജ്യത്തെ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ നിന്ന് ‘ജോലിഭാരം’ എന്നത് ഇല്ലാതാകുമെന്ന് ഞാന്‍ കരുതുന്നു. ഗവാസ്‌കര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്രയെ മൂന്ന് ടെസ്റ്റുകളിൽ മാത്രമേ മത്സരിപ്പിച്ചിരുന്നുള്ളു. പരുക്ക് മാറി വന്ന അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിർമിങ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിന്നും, ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ, തന്റെ ഈ നിലപാട് ബുമ്രയെ ഉദ്ദേശിച്ചല്ലെന്ന് ഗവാസ്കർ വ്യക്തമാക്കി. ഇന്ത്യൻ താരം ഋഷഭ് പന്തിന് പുറമെ ഇംഗ്ലീഷ് ഓൾ റൗണ്ടർ ക്രിസ് വോക്‌സും പരുക്കുമായി കളത്തിൽ ഇറങ്ങിയിരുന്നു. ഷോൾഡറിന് പരുക്കേറ്റ അദ്ദേഹം പത്താമനായായിരുന്നു കളത്തിൽ ഇറങ്ങിയിരുന്നത്.