Headlines

എപ്പോള്‍ വേണമെങ്കിലും വിളിച്ചോ, താരിഫില്‍ ചര്‍ച്ചയാകാമെന്ന് ട്രംപ്; വേണ്ട, മോദിയെ വിളിച്ചോളാമെന്ന് ബ്രസീല്‍ പ്രസിഡന്റ്

താരിഫ് വിഷയത്തില്‍ ട്രംപുമായുള്ള ചര്‍ച്ചയോട് തങ്ങള്‍ക്ക് തീര്‍ത്തും എതിര്‍പ്പില്ലെന്ന് ലുല വിശദീകരിക്കുന്നു. ട്രംപുമായി ചര്‍ച്ചയാകാം പക്ഷേ അത് പരസ്പര ബഹുമാനത്തോടെ മാത്രമാകണം. തുല്യനീതിയില്‍ ഊന്നിയാകണം ചര്‍ച്ചയെന്നും അദ്ദേഹം അമേരിക്കയെ ഓര്‍മിപ്പിച്ചു. രാജ്യങ്ങളുടെ പരമാധികാരവും വ്യാപാര നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീല്‍ ജനതയെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും ബ്രസീല്‍ ഭരണാധികാരികള്‍ തെറ്റായ വഴിയില്‍ നീങ്ങുന്നതായി സംശയമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ട്രംപ് താരിഫ് വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചത്. ലുലയ്ക്ക് തന്നെ ഏത് സമയത്തും വിളിക്കാമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് നല്‍കിയ വാഗ്ദാനം.

താരിഫിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ ഏതുനേരത്തും വിളിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡാ സെല്‍വ. രാജ്യതാത്പര്യം സംരക്ഷിക്കാനായി ബ്രസീല്‍ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊള്ളാമെന്നും ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കലല്ല അമേരിക്കയുടെ ലക്ഷ്യമെന്ന് ആരോപിച്ച ലുല താന്‍ ട്രംപിനെ വിളിക്കുന്നില്ലെന്നും നരേന്ദ്രമോദിയേയോ ഷി ജിന്‍പിങിനേയോ വിളിച്ചോളാമെന്നും തിരിച്ചടിച്ചു. ബ്രസീലിയയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ബ്രസീലിന് ഇറക്കുമതിച്ചുങ്കത്തില്‍ 40 ശതമാനം വര്‍ധനയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ആകെ താരിഫ് 50 ശതമാനമായി. ട്രംപിന് ഏറെ അടുപ്പമുണ്ടായിരുന്ന ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് അട്ടിമറി ഗൂഢാലോചന കേസില്‍ നടപടിയുണ്ടായതിനെ തുടര്‍ന്നാണ് അമേരിക്ക- ബ്രസീല്‍ ബന്ധം ഉലഞ്ഞത്. ബോള്‍സൊനാരോ ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്.