Headlines

ബാലഗോകുലത്തിന്റെ പൊതുസമ്മേളനത്തില്‍ ഉദ്ഘാടകനായി എംജി സര്‍വകലാശാല വിസി; സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസയും

 

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലത്തിന്റെ പൊതുസമ്മേളനത്തില്‍ ഉദ്ഘാടകനായി എംജി സര്‍വകലാശാല വിസി പങ്കെടുത്തത് വിവാദമാകുന്നു. ആലപ്പുഴ മാവേലിക്കരയില്‍ ഇന്നലെ നടന്ന പരിപാടിയിലാണ് വിസി ഡോ. ഡി മാവൂത്ത് പങ്കെടുത്തത്. ഉദ്ഘാടന പ്രസംഗത്തില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളെ വി സി പ്രശംസിക്കുകയും ചെയ്തു.

 

 

ആര്‍എസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മോഹന്‍ ഭഗവതിനൊപ്പം ഡോ. ഡി മാവൂത് അടക്കമുള്ള വിസിമാര്‍ വേദി പങ്കിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാലഗോകുലത്തിന്റെ ദക്ഷിണകേരള വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസഭ ഉദ്ഘാടനം ചെയ്യാന്‍ ഡോ. ഡി മാവൂത് വീണ്ടുമെത്തിയത്. സനാതന ധര്‍മ്മം കുട്ടികളുടെ ജിവീതത്തില്‍ പകര്‍ന്നു നല്‍കുന്നതില്‍ ബാലഗോകുലം നിര്‍ണായക പങ്കുവഹിക്കുന്നെന്ന് യോഗം ഉദ്ഘാടനം ചെയ്ത് മാവൂത് പറഞ്ഞു.

 

സംഘപരിവാര്‍ പശ്ചാത്തലമുള്ള ഡോ. ഡി മാവൂതിനെ എംജി സര്‍വ്വകലാശാല വിസി ആക്കിയത് മുതല്‍ വിവാദങ്ങളുയര്‍ന്നിരുന്നു. സര്‍വ്വകലാശാലയില്‍ വകുപ്പ് മേധാവികളായി ആര്‍എസ്എസ് അനുകൂലികളെ വിസി നിയമിക്കുന്നെന്ന ആരോപണവും നിലവിലുണ്ട്.