ഇംഗ്ലണ്ടിൽ വീണ്ടും റൺ മഴപെയ്യിച്ചു ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. പരമ്പരയിലെ മൂന്നാം സെഞ്ചുറിയോടെ നിരവധി റെക്കോർഡുകൾ ആണ് ഗില്ലാട്ടത്തിൽ പഴങ്കഥയായത്. ടീം ഇന്ത്യയുടെ തലമുറമാറ്റത്തിലെ ഏറ്റവും വലിയ തലവേദന ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനമായിരുന്നു.
25ന് താഴെ ശരാശരിയുള്ള ഗില്ലിനെ എങ്ങനെ വിശ്വസിക്കും എന്ന് നെറ്റി ചുളിച്ചവർ ഏറെ. എന്നാൽ ഇംഗ്ലണ്ടിൽ കണ്ടത് പുതിയൊരു ഗില്ലിനെയാണ്. നാല് ഇന്നിംഗ്സുകളിൽ മൂന്ന് സെഞ്ചുറി ഉൾപ്പെടെ ഇതുവരെ നേടിയത് 460 റൺസാണ്. ഗില്ലാട്ടത്തിൽ നിരവധി റെക്കോർഡുകളും പഴങ്കഥയായി. 2 ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ ആണ് ഗിൽ.
ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിരാട് കോലിയുടെ റെക്കോർഡും പഴങ്കഥയാക്കി. ഒരു ടെസ്റ്റിൽ 300 റൺസിൽ അധികം നേടുന്ന ആദ്യ ഇന്ത്യൻ നായകനും ഗില്ലാണ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ആകെ 430 റൺസ് നേടിയ ഗില്ലിന്റെ പേരിലാണ് ഇനിമുതൽ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡ്. മൂന്ന് ടെസ്റ്റുകൾ കൂടി ശേഷിക്കേ ഗില്ലിന്റെ ബാറ്റിൽ നിന്ന് ഇനിയും റെക്കോർഡുകൾ ഏറെ പിറക്കും എന്നുറപ്പ്.