ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറ് വയസ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ നാന കോണുകളിൽ നിന്നും ബുദ്ധ മത വിശ്വാസികൾ ധരംശാലയിൽ എത്തും. മാക്ലിയോഡ് ഗഞ്ച് ലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്രത്തിൽ പിറന്നാളിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ നടക്കും. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും.
വടക്കു കിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിൽ ദരിദ്ര കർഷകകുടുംബത്തിലാണ് ടെന്‍സിന്‍ ഗ്യാറ്റ്സോ ജനിച്ചത്. ലാമോ തോണ്ടുപ് എന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ പേര്. പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്‌സോ അന്തരിച്ചതിനെത്തുടർന്ന് പുതിയ ലാമയെത്തേടി അനുയായികൾ നടത്തിയ മാസങ്ങൾ നീണ്ട യാത്രക്കൊടുവിലാണ് ലാമോ തോണ്ടുപ്പിനെ കണ്ടെത്തിയത്. പിന്നീട് സന്യാസം സ്വീകരിച്ച് പേരുമാറ്റം. ടെന്‍സിന്‍ ഗ്യാറ്റ്സോ എന്ന പുതിയ പേര് സ്വീകരിച്ചു.
പ്രാഥമിക വിദ്യാഭ്യാസവും ടിബറ്റന്‍ സംസ്‌കാരത്തിലും വൈദ്യവും ബുദ്ധ തത്ത്വചിന്തയും അഭ്യസിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍, ടിബറ്റിന്റെ താത്കാലിക നേതാവായി. ടിബറ്റിനെ ആക്രമിച്ച ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്ന് തിരിച്ചറിഞ്ഞ ദലൈലാമ സൈനികവേഷത്തിൽ രഹസ്യമായി ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി. ചൈനീസ് പട്ടാളം ടിബറ്റ് പൂർണനിയന്ത്രണത്തിലാക്കി. അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് ദലൈലാമയെയും സംഘത്തെയും സ്വീകരിച്ചു.
ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും ദലൈലാമക്കും സംഘത്തിനും ഭൂമി അനുവദിച്ചു. ഇത് ചൈനയെ പ്രകോപിപ്പിച്ചു. മൂന്നു വര്‍ഷത്തിന് ശേഷം ചൈന ഇന്ത്യയെ ആക്രമിച്ചു. ഇന്ത്യയുടെ അനുമതിയോടെ ദലൈലാമയും സംഘവും മസൂറിയില്‍ ടിബറ്റൻ സർക്കാർ സ്ഥാപിച്ചു. പിന്നീടത് ധര്‍മശാലയിലെ മക്ലിയോന്‍ ഗഞ്ജിലേക്ക് മാറ്റി. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. തൊണ്ണൂറാം വയസ്സിലും ദലൈലാമ ഇന്ത്യയില്‍ തുടരുന്നു. ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നതായിരുന്നു ഇത്രകാലവും ഉയര്‍ന്നുകേട്ട വലിയ ചോദ്യം. തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചതോടെ ആ ചോദ്യത്തിന് ഉത്തരമായി.