മുന്‍മന്ത്രിയും മുസ്ലിലീഗ് നേതാവുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് വിടപറഞ്ഞു. രോഗബാധിതനായി ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. വിദ്യാർഥി പ്രസ്ഥാനമായ എം എസ് എഫിലൂടെ പൊതു പ്രവര്‍ത്തനരംഗത്ത് എത്തിയ ഇബ്രാഹിംകുഞ്ഞ് നാല് തവണ എം എല്‍ എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. രണ്ടുതവണ മട്ടാഞ്ചേരി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായാണ് മന്ത്രിസഭയില്‍ അംഗമാവുന്നത്. മട്ടാഞ്ചേരി മണ്ഡത്തിലെ അവാസാന ജനപ്രതിധിയും, കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ ജനപ്രതിനിധിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്.എറണാകുളം കൊങ്ങോര്‍പള്ളിയില്‍ വി യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 ലായിരുന്നു ഇബ്രാഹിംകുട്ടിയുടെ ജനനം. എം എസ് എഫ്, യൂത്ത് ലീഗ്, എന്നിവയിലൂടെ മാത-സംഘടനയായ മുസ്ലിംലീഗില്‍ നേതൃനിരയിലേക്ക് എത്തിയ ഇബ്രാഹിംകുഞ്ഞ് 2001 ലാണ് മട്ടാഞ്ചേരിയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് 12183 വോട്ടിന്റെ ഭൂരപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 2006 ല്‍ വീണ്ടും മട്ടാഞ്ചേരിയില്‍ നിന്നും എം സി ജോസഫൈനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2011 ല്‍ പുതുതായി രൂപികരിക്കപ്പെട്ട കളമശ്ശേരിയില്‍ നിന്നും സി പി ഐ എം നേതാവ് കെ ചന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തിയത്. 2016 ല്‍ വീണ്ടും കളമശേരിയില്‍ നിന്നും നിയമസഭാംഗമായി.
കൊച്ചിന്‍ എയര്‍പ്പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍, ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുസ്ലീലീഗ് ദേശീയ നിര്‍വാഹകസമിതി അംഗവും, ഉന്നതാധികാരസമിതി അംഗവുമായിരുന്നു.
ആകസ്മികതയായിരുന്നു എന്നും വി കെ ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചത്. മട്ടാഞ്ചേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി എത്തിയതും ആകസ്മികമായാണ്. പിന്നീട് മന്ത്രിയാവുന്നത് മറ്റൊരു ആകസ്മിക സംഭവം. യു ഡി എഫ് മന്ത്രിസഭയില്‍ വ്യവസായ വകുപ്പുമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍ അകപ്പെട്ടതോടെ മുസ്ലിംലീഗ് പ്രതിരോധത്തിലായി. സംസ്ഥാനത്ത് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായതോടെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവെച്ചൊഴിയേണ്ടിവന്നു. ഇതാണ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ കരിയര്‍ ആകെ മാറ്റിമറിച്ചത്. മന്ത്രിയാവാനുള്ള അപ്രതീക്ഷിത സാഹചര്യം വന്നുചേരുകയായിരുന്നു. പകരക്കാരനായാണ് ഇബ്രാഹിംകുഞ്ഞ് മന്ത്രിപദത്തില്‍ എത്തിയതെങ്കിലും ഏറെ പരിചയസമ്പന്നനായൊരു മന്ത്രിയെപ്പോലെ ഏറെ ശ്രദ്ധേയനായി.
കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കാനും, പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഇബ്രാഹിംകുഞ്ഞിന് കഴിഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി മാറുന്നതിനും മന്ത്രിപദവി സഹായകമായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ 400 ദിവസങ്ങള്‍കൊണ്ട് 100 പാലങ്ങള്‍ പണിയുകയെന്ന വെല്ലുവിളി ഏറ്റെടുത്തതും അത് നടപ്പിലാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായിരുന്നു. പൊതുമരാമത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മത്സരാധിഷ്ഠവും സുതാര്യവുമാക്കാന്‍ ഇ-ടെന്റര്‍ നടപ്പാക്കിയത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ്. സംസ്ഥാനത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും മൂന്നുവര്‍ഷത്തെ പെര്‍ഫോമന്‍സ് ഗ്യാരണ്ടി ഉറപ്പുവരുത്തുന്ന പദ്ധതിക്ക് തുടക്കമിട്ടതും ഇബ്രാഹികുഞ്ഞായിരുന്നു. സംസ്ഥാനത്ത് രൂക്ഷമായിരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനായി സ്പീഡ് കേരള പദ്ധതിക്ക് രൂപം നല്‍കിയതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഫ്‌ളൈഓവറുകളും റിംഗ് റോഡുകളും പണിയാനുള്ള പദ്ധതിയായിരുന്നു ഇത്.
നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുയര്‍ന്ന ക്രമക്കേട് ഇബ്രാഹികുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തി.
പാലാരിവട്ടം പാലം അഴിമതി കേസില്‍ അകപ്പെട്ട ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് കേസെടുത്തതും, ആശുപത്രിയില്‍ വെച്ച് അറസ്റ്റു ചെയ്യുകയും ചെയ്തത് അക്കാലത്തെ പ്രധാന വാര്‍ത്തയായി. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെ പണിത പാലാരിവട്ടം പാലം പിന്നീട് മെട്രോമാന്‍ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പുതുക്കിപണിയുകയായിരുന്നു.






