തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൻ്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെത്തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിർദേശം. ഇരു വിഭാഗങ്ങളെ കേൾക്കാനും നിർദേശം നൽകി കഴിഞ്ഞു.
കയ്യാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിൻ്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേർക്കെതിരെയാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം.
തനിക്കെതിരായ മോശം പരാമർശം നിരന്തരമുണ്ടായപ്പോഴാണ് ചോദ്യം ചെയ്തതെന്നും സജിത്തിനെതിരായ തൻ്റെ പ്രതികരണം സ്വാഭാവികമാണെന്നും രമ്യ ഹരിദാസ് എം.എൽ.എ പ്രതികരിച്ചിരുന്നു .രമ്യയുടേത് അഭിനയമെന്ന് പ്രതികരിച്ച സജിത്ത്, പി.എ ചമഞ്ഞ് നടക്കുന്ന പാളയം പ്രദീപാണ് എല്ലാ വിഷയങ്ങൾക്കും തുടക്കമിട്ടതെന്നും പറഞ്ഞു. വിഷയത്തിൽ കെ.പി.സി.സിക്ക് കടുത്ത അതൃപ്തിയുണ്ട് തർക്കത്തിനിടെ ആദ്യം അടിച്ചത് ഞാൻ തന്നെയെന്ന് രമ്യ ഹരിദാസ് സമ്മതിച്ചിരുന്നു.








