വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍; ഒന്ന് മുതല്‍ നാല് വരെ ക്ലാസുകള്‍ക്ക് പരീക്ഷ ഇല്ല

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്തും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വാര്‍ഛിക പരീക്ഷ നടത്തുന്നത്. മാര്‍ച്ച് 22 മുതല്‍ 30 വരെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷ ഉണ്ടായിരിക്കില്ല.

പരീക്ഷയുടെ ടൈം ടോബിള്‍ ഉടന്‍ തന്നെ പുറത്തിറക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തീര്‍ക്കാനാണ് തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 30 നും, പ്ലസ്ടു പരീക്ഷകള്‍ 31 നുമാണ് തുടങ്ങുന്നത്. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് തുടങ്ങി മാര്‍ച്ച് 21 നും അവസാനിക്കും.

പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷ്‌ക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കാനാണ് തീരുമാനം. വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ക്ലാസുകളിലെ കുട്ടികള്‍ക്കും ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി നല്‍കാനാണ് ധാരണ.

കോവിഡ് ലോക്ക്ഡൗണിന് പിന്നാലെയുള്ള അടച്ചിടലിന് ശേഷം ഫെബ്രുവരി 27 നായിരുന്നു സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമയബന്ധിതമായി പാഠഭാഗങ്ങള്‍ എടുത്ത് തീര്‍ത്ത് പരീക്ഷ നടത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്.