അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ സാരഥികൾ വനിതകളായത് നല്ലതെന്ന് മോഹൻലാൽ.എല്ലാ മേഖലയിലും സ്ത്രീകൾ മുന്നിലാണ്. അമ്മയിലും അത് നടന്നു. വിജയിച്ചവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ട്. കൂട്ടായ പ്രവർത്തനം നടക്കും. സംഘടനയിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നും മോഹൻലാൽ ട്വന്റി ഫോറിനോട് പറഞ്ഞു.മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ശബരിമലയിൽ പ്രാർത്ഥന നടത്തിയതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു
31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.നടി ശ്വേത മേനോനാണ് സംഘടനയെ നയിക്കുന്നത്. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി, ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.
വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.