യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഈടാക്കുന്നത്.
യു എ ഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്പ് നടത്തിയ കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും, നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റാപ്പിഡ് പി സി ആര്‍ പരിശോധനയും നടത്തണം.
ഐ സി എ വെബ്സൈറ്റ് വഴി അനുമതി നേടണമെന്നും ദേശീയ ദുരന്തനിവാരണ സമിതി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതേസമയം, യു എ ഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യു എ ഇയിലെ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തേക്ക് തിരികെയെത്താം. യാത്രാവിലക്കില്‍ ഇളവ് വന്നതോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന തിരക്കിലാണ് പ്രവാസികള്‍.