റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ വന്ന ‘തവക്കല്‍ന’ മൊബൈല്‍ ആപ്പിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തിന് പുറത്തു പോയാലും ഇനി മുതല്‍ തവല്‍ക്കന ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സൗദിയില്‍ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍ നിന്നും വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയി ലഭിക്കുന്ന ആപ്പാണിത്. വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങല്‍ രേഖപ്പെടുത്തുന്നത് തവക്കല്‍ന ആപ്പിലാണ്. നേരത്തെ കൊവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും.
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കല്‍ന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കില്‍ അവര്‍ക്ക് രാജ്യത്ത് പ്രവേശിച്ചാല്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിന്റെ ആവശ്യമില്ല. എന്നാല്‍ ഇത് യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്പനികളെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അവര്‍ക്ക് ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കല്‍ന ആപ്പ് സൗദിക്ക് പുറത്ത് അപ്‌ഡേറ്റ് ആയി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു. ഭൂരിഭാഗം നാട്ടിലും ലഭിക്കുമെന്നതോടെ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.