Headlines

ഫ്ലോറിഡയിലെ നൈറ്റ്സ് ഓഫ് കൊളംബസിന്റെ പരമോന്നത ചാപ്ലിൻ ബഹുമതി ഫാ. ജോസ് പന്തപ്ലാംതോട്ടിയിലിന്

 

സെന്റ് എലിസബത്ത് ആൻ സെറ്റൺ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ജോസ് പന്തപ്ലാംതോട്ടിയിലിന് ഫ്ലോറിഡ സ്റ്റേറ്റ് കൗൺസിൽ ഓഫ് നൈറ്റ്സ് ഓഫ് കൊളംബസ് നൽകുന്ന 2026-ലെ ‘ചാപ്ലിൻ ഓഫ് ദി ഇയർ’ പുരസ്കാരവും സംഘടനയുടെ പരമോന്നത ചാപ്ലിൻ ബഹുമതിയായ ‘ബ്ലെസ്ഡ് മൈക്കൽ ജെ. മക്ഗിവ്നി അവാർഡ്’-ഉം ലഭിച്ചു.

 

 

മികവുറ്റ വൈദിക നേതൃത്വം, ഇടവക ശുശ്രൂഷയിലെ സമർപ്പണം, കുടുംബങ്ങൾക്ക് നൽകിയ അചഞ്ചല പിന്തുണ, നൈറ്റ്സ് ഓഫ് കൊളംബസിനും സഭയ്ക്കും നൽകിയ നിസ്വാർത്ഥ സേവനം എന്നിവ പരിഗണിച്ചാണ് ഈ ബഹുമതി നൽകിയത്. മേയ് 24-ന് ഓർലാൻഡോയിൽ നടന്ന ഫ്ലോറിഡ സ്റ്റേറ്റ് കൺവൻഷനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തുടർന്ന് മേയ് 31-ന് സെന്റ് എലിസബത്ത് ആൻ സെറ്റൺ ദേവാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഫാ. ജോസിന് അവാർഡ് സമ്മാനിച്ചു.

 

2019 മുതൽ ഇടവക വികാരിയായ ഫാ. ജോസിന്റെ നേതൃത്വത്തിൽ ആത്മീയ വളർച്ച, സുവിശേഷപ്രഘോഷണം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ഇടവക നവീകരണം, ദേവാലയ വികസന പദ്ധതികൾ എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ഉണ്ടായത്. ബ്ലെസ്ഡ് മൈക്കൽ ജെ. മക്ഗിവ്നിയുടെ സേവന-കാരുണ്യ ദർശനവും അജപാലന സമർപ്പണവും ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുന്ന വൈദികർക്കാണ് ഈ പുരസ്കാരം വർഷംതോറും നൽകുന്നത്.