Headlines

71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്; റാണി മുഖർജിയും വിക്രാന്ത് മാസിയും സാധ്യത പട്ടികയിൽ

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ജൂറി ഇന്ന് വൈകീട്ട് 4 മണിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എൽ. മുരുകൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജൂറി വൈകുന്നേരം 6 മണിക്ക് ഡൽഹി എൻ.എം.സി.യിൽ മാധ്യമങ്ങളെ കാണും. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാർഡുകൾക്ക് റാണി മുഖർജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്.

രണ്ട് അഭിനേതാക്കൾക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്.