Headlines

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; അന്വേഷണത്തിന് രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ

 

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിയുടെ ആദ്യയോഗം നാളെ. കോഴിക്കോട് റൂറല്‍ എസ്പി ടി ഫറാഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം യോഗം. ഇന്നലെയാണ് കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. (Kafir screenshot controversy)

 

 

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. പ്രതികളിലേക്ക് എത്താന്‍കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ ഏഴുപേര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്.

 

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം നിഷേധിച്ച കാസിം ഫോണ്‍ പൊലീസിന് കൈമാറി. തുടരന്വേഷണത്തില്‍ സിപിഐഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണില്‍ നിന്നാണ് ആദ്യം സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ഇതില്‍ തുടര്‍നടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

 

സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടെത്തട്ടേയെന്ന് കെ കെ ശൈലജ ഇന്നലെ പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നും താന്‍ വടകരയില്‍ സ്ഥാനാര്‍ഥി മാത്രമായിരുന്നുവെന്നും ശൈലജ ചൂണ്ടിക്കാട്ടി. വര്‍ഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.