Headlines

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് ഡിഎംകെ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വോട്ട്ഴ്സിനെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമമെന്നാണ് തമിഴ് നാടിന്റെ ഹർജി. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ഡിഎംകെയുടെ നീക്കം.

എസ്ഐആറിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിൽ മറ്റിടങ്ങളിൽ പ്രക്രിയ നടത്തുന്നത് ജനാധിപത്യവിരുദ്ധം. തമിഴ്നാട്ടിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം തടയാൻ സുപ്രീംകോടതി ഉത്തരവിടുണമെന്നും ഹർജിയിൽ ഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.

ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരാനിരിക്കെ, തിടുക്കപ്പെട്ട് നടപടിക്രമങ്ങൾ നടത്തുന്നതിലുള്ള ആശങ്കയും യോഗം രേഖപ്പെടുത്തി. നിലവിലുള്ള പോരായ്മകൾ പരിഹരിച്ച ശേഷം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, സുതാര്യമായ രീതിയിൽ എസ്ഐആർ നടത്തണം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതിയായ സമയം നൽകി മാത്രമേ പരിഷ്കരണം നടത്താവൂ എന്നും സർവകക്ഷിയോഗത്തിലെ പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. നടപടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യത്തിന് എതിരുമാണെന്ന് യോഗം അഭിപ്രായപ്പെട്ടിരുന്നു.