ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം. വോട്ടർമാരെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള ബിജെപിയുടെ ‘ദുഷ്ട’ ശ്രമം ആയിരുന്നു ഈ പരിഷ്കരണമെന്ന് രാഷ്ട്രീയ ജനതാദൾ (RJD), കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ തുടങ്ങിയ മഹാസഖ്യത്തിലെ പാർട്ടികൾ ആരോപിച്ചു. ഈ നീക്കത്തെ അവർ വോട്ട് മോഷണംഎന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഉൾപ്പെടെയുള്ള തങ്ങളുടെ ശക്തമായ ഇടപെടലുകൾ കാരണമാണ് ഈ നീക്കം പൂർണ്ണമായി വിജയിക്കാതെ പോയതെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. 65 ലക്ഷം പേരുകൾ ഒഴിവാക്കിയ കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ, അന്തിമ പട്ടികയിൽ 47 ലക്ഷം പേരുടെ കുറവ് മാത്രമാണ് ഉണ്ടായത് എന്നതിനെ അവർ തങ്ങളുടെ വിജയമായി ഉയർത്തിക്കാട്ടുന്നു.
കൂടാതെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് ഉപയോഗിക്കാൻ നിർദ്ദേശിച്ച സുപ്രീം കോടതിയുടെ നടപടി കൂട്ടത്തോടെയുള്ള ഒഴിവാക്കലുകൾ തടയാൻ സഹായിച്ചുവെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. അതേസമയം മഹാസഖ്യത്തിലെ ഘടകകക്ഷിയായ സിപിഐ (എംഎൽ) ലിബറേഷൻ (CPIML) പരിഷ്കരണത്തിൻ്റെ സുതാര്യതയില്ലായ്മയെയും അവ്യക്തതകളെയും ശക്തമായി ചോദ്യം ചെയ്യുന്നു. ഒഴിവാക്കിയ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചും പുതിയതായി ചേർത്ത 18 വയസ്സ് പൂർത്തിയായവരുടെ കൃത്യമായ കണക്കുകളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത നൽകുന്നില്ലെന്നും, പരിഷ്കരണത്തെക്കുറിച്ച് കമ്മീഷൻ ഒരു വാർത്താ സമ്മേളനം പോലും വിളിക്കാത്തതിൽ തങ്ങൾ അതൃപ്തരാണെന്നും CPIML ചൂണ്ടിക്കാട്ടി.





