മാഞ്ചെസ്റ്റർ: ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മാഞ്ചെസ്റ്ററിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൌരനായ ജിഹാദ് അൽ ഷമി എന്നയാളാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പ് നടത്തിയതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമായി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ രണ്ട് പേർ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷൻമാരും മൂന്നാമത്തെയാൾ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്.
യോം കിപ്പൂറിനിടെ ആക്രമണം
ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആള്‍ക്കൂട്ടത്തിനിടെയിലേക്ക് കാർ ഓടിച്ച് കയറ്റിയ ശേഷം ആരാധനാലയത്തിലേക്ക് കയറാൻ ശ്രമിച്ച പ്രതിയെ ആളുകള്‍ തടയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരാള്‍ക്ക് കുത്തേറ്റത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
ജൂത മത കലണ്ടർ അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂർ ആചരണത്തിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമിയെ തിരിച്ചറിയാൻ സാധിച്ചതായും അക്രമിയെ ആയുധധാരികളായ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നതായും പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പ്രദേശിക സമയം ഒൻപതരയോടെയാണ് ആക്രമണമുണ്ടായത്.
ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലാണ് ആക്രമണം നടന്നത്. 7 മിനിറ്റിനുള്ളിൽ തന്നെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തി. വലിയ രീതിയിൽ വിശ്വാസികൾ സിനഗോഗിനുള്ളിലുണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവച്ചിരുന്ന അക്രമി കത്തികൊണ്ടും ആളുകളെ ആക്രമിച്ചിരുന്നു.