കോഴിക്കോട്∙ വീട്ടിലിരുന്ന് ഫോൺ വഴി ദിവസവും രണ്ടായിരമോ മൂവായിരമോ രൂപ സമ്പാദിക്കാം എന്ന പരസ്യം കണ്ടാൽ ഒന്നു ശ്രമിച്ചു നോക്കണമെന്നു തോന്നുണ്ടോ? ‘വർക്ക് ഫ്രം ഹോം’, ‘പാർട് ടൈം തൊഴിൽ’ ആണെന്നു കരുതി നിങ്ങൾ ചെന്നു കയറുന്നത് ഒന്നാംതരം തട്ടിപ്പിലേക്കാണ്. ചുമ്മാ പുസ്തകം വായിക്കുന്നതു മുതൽ ഓൺലൈൻ ആപ്പിൽ റിവ്യൂ രേഖപ്പെടുത്തുന്നതു വരെ നിങ്ങളെ കുടുക്കാൻ ഒട്ടേറെ തട്ടിപ്പുകളുണ്ട്. റജിസ്ട്രേഷൻ ഫീ, കുറിയർ ഫീ, വെർച്വൽ ഓർഡർ ഫീ എന്നിങ്ങനെ തട്ടിപ്പു നടത്താൻ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്നിടത്താണു തട്ടിപ്പുകാരുടെ മിടുക്ക്. വീട്ടമ്മമാർ, വിദ്യാർഥികൾ, വിരമിച്ചവർ, തൊഴിലന്വേഷകർ എന്നിവരാണ് ഇവരുടെ സ്ഥിരം ഇരകൾ.
ലൈക്കിട്ടാൽ 100, കമന്റിട്ടാൽ 1000
‘വീട്ടിലിരുന്ന് പുസ്തകങ്ങളോ നോവലുകളോ വായിക്കുക, 1000 രൂപ മുതൽ 3000 രൂപ വരെ സമ്പാദിക്കാം’ എന്ന പരസ്യം കണ്ട് കുടുങ്ങിയവരുണ്ട്. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം പോസ്റ്റർ എത്തിയത്. പുസ്തകങ്ങളുടെ ഏതാനും പേജുകളോ ചെറിയ ഓഡിയോ ക്ലിപ്പുകളോ വായിക്കാൻ നൽകി. തുടക്കത്തിൽ 100 മുതൽ 200 വരെ ചെറിയൊരു തുക അക്കൗണ്ടിലെത്തി. കൂടുതൽ വരുമാനം ലഭിക്കുന്ന ‘വിഐപി ടാസ്കുകൾ’ ലഭിക്കാൻ 1,000 മുതൽ 5,000 വരെ റജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുകയായിരുന്നു. ജോലി പൂർത്തിയാക്കിയാൽ തുക തിരികെ കിട്ടുന്നതിനൊപ്പം കമ്മിഷനും വാഗ്ദാനം.
ഇതിനുള്ള ആപ്പിൽ ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചതായി കാണിക്കും. ഈ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ‘ടാക്സ്’, ‘ജിഎസ്ടി’, ‘അൺലോക്ക് ഫീ’ തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നു. ഒടുവിൽ പണം മുഴുവൻ നൽകിക്കഴിയുമ്പോൾ തട്ടിപ്പുകാർ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. യുട്യൂബ് വിഡിയോകൾ ലൈക്ക് ചെയ്യുക, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്കും ബിസിനസുകൾക്കും 5 സ്റ്റാർ റേറ്റിങ് നൽകുക എന്നിങ്ങനെ കേട്ടാൽ വിശ്വസിച്ചു പോകുന്നവ വേറെയുമുണ്ട്. തുടക്കത്തിൽ 150–300 രൂപ അക്കൗണ്ടിലേക്ക് നൽകിയ ശേഷം ‘പ്രീപെയ്ഡ് ടാസ്ക്’ എന്ന പേരിൽ വലിയ തുക ആവശ്യപ്പെടും.
ഓൺലൈൻ കച്ചവട ആപ്പുകളിൽ സാധനങ്ങൾക്ക് റേറ്റിങ് കൂട്ടാനുള്ള ‘വെർച്വൽ ഓർഡർ’ തട്ടിപ്പ് വേറെയുണ്ട്. നമ്മുടെ കയ്യിലെ പണം ഉപയോഗിച്ച് ആദ്യം സാധനം വാങ്ങണം. ഈ തുക തിരിച്ച് അക്കൗണ്ടിൽ എത്തുമെന്നാണു വാഗ്ദാനമെങ്കിലും പണം വരില്ല. പുതിയ സിനിമകൾക്ക് ഓൺലൈൻ റേറ്റിങ് നൽകിയാലും ട്രെയിലറുകൾ കണ്ടു കമന്റ് ഇട്ടാലും പണം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുണ്ട്. പേനകൾ, മെഴുകുതിരികൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ വീട്ടിലിരുന്നു ഭംഗിയായി പാക്ക് ചെയ്തു കൊടുത്തും ‘പണി’ വാങ്ങാം. മെറ്റീരിയൽ ചാർജ് , കുറിയർ ചാർജ് എന്നിവയാണു തട്ടിപ്പുകാരന്റെ ഉന്നം. ടൈപ്പിങ് ജോലി എന്നു പറഞ്ഞ് അപേക്ഷ ക്ഷണിക്കും. ഒരിക്കലും പൂർത്തിയാക്കാൻ പറ്റാത്ത സമയം ടാർഗറ്റ് നൽകും. ജോലി തീർക്കാൻ പറ്റാത്തതു കൊണ്ട് കരാർ ലംഘനത്തിനു വ്യാജ നോട്ടിസ് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടും.
എങ്ങനെ തട്ടിപ്പിൽ നിന്ന് ഒഴിവാകാം?
∙ ജോലി ചെയ്യാൻ അങ്ങോട്ട് പണം ചോദിച്ചാൽ തട്ടിപ്പാണ് എന്നുറപ്പിച്ചോ. യഥാർഥ കമ്പനികൾ റജിസ്ട്രേഷൻ ഫീസോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ട്രെയിനിങ് ഫീസോ ആവശ്യപ്പെടില്ല.
∙ ചെറിയ ലൈക്കിനോ റിവ്യൂവിനോ പുസ്തക വായനക്കോ വൻതുക നൽകാൻ ഒരു സ്ഥാപനത്തിനും കഴിയില്ല. വാഗ്ദാനം യാഥാർഥ്യ ബോധത്തിനു നിരക്കുന്നതാണോ എന്ന് ആലോചിക്കുക.
∙ അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഷെയർ ചെയ്യരുത്.
∙ തൊഴിലിൽ വീഴ്ച വരുത്തി എന്നു കാട്ടി വ്യാജ വക്കീൽ നോട്ടിസ് അയയ്ക്കും. പേടിച്ച് പണം നൽകരുത്.
∙ തട്ടിപ്പിനിരയായി എന്നു മനസ്സിലായാൽ എത്രയും പെട്ടെന്ന് 1930 എന്ന ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യുക.








