പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത നടപടിയിൽ മെറ്റയ്ക്ക് ഐടി പാർലമെന്ററി സമിതിയുടെ രൂക്ഷവിമർശനം. വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമുകളിലെ വിവാദ ഉള്ളടക്കങ്ങളിൽ കമ്പനി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും മെറ്റയ്ക്ക് നിർദേശം നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം, ഉള്ളടക്ക നിയന്ത്രണം (content moderation) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്ററി സമിതി പരിശോധിക്കുന്നതിനിടെയാണ് ഈ ചർച്ച നടന്നത്.
മറ്റ് പല ആക്ഷേപകരമായ ഉള്ളടക്കങ്ങളും നീക്കം ചെയ്യാതെ നിലനിർത്താൻ അനുവദിക്കുമ്പോൾ തന്നെ പ്രധാനമന്ത്രിയുടെ വീഡിയോ എന്തിനാണ് നീക്കം ചെയ്തതെന്നും, ആരുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടിയെടുത്തതെന്നും ഒരു മുതിർന്ന ബിജെപി എംപി മെറ്റാ പ്രതിനിധികളോട് ചോദിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം, സംഭവത്തിൽ മെറ്റാ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്‌തെങ്കിലും പ്രശ്നം മാപ്പപേക്ഷയിൽ ഒതുങ്ങില്ലെന്ന് സമിതി അംഗങ്ങൾ അറിയിച്ചു. വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവു കൊണ്ടെന്ന് മെറ്റ വ്യക്തമാക്കി.







