പെട്രോളിൽ എഥനോൾ കലർത്തിയത് പോലെ ഡീസലിൽ ഐസോബുട്ടനോൾ കലർത്താൻ കേന്ദ്ര സർക്കാർ. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐസോബുട്ടനോൾ ഡീസലിൽ കലർത്തുന്നത്. ഈ വർഷം അവസാനത്തോടെ ഇത് നടപ്പിലാക്കാൻ കഴിയുമെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറി വി. ഉമാശങ്കർ പറഞ്ഞത്. ഐസോബുട്ടനോൾ ഡീസലിൽ കലർത്തുന്നത് വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
എത്തനോളിൽ നിന്ന് നിർമ്മിച്ച ഒരു ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. ഇതിൽ എത്തനോളിനെക്കാൾ കൂടുതൽ ഊർജ്ജം അടങ്ങിയിരിക്കുകയും തുരുമ്പെടുക്കാനുള്ള സാധ്യത കുറവായതിനാൽ ഡീസലുമായി മിശ്രിതമാക്കാൻ ഇത് കൂടുതൽ അനുയോജ്യമാക്കുന്നു. എത്തനോളിനെക്കാൾ ഡീസലുമായി ഇത് എളുപ്പത്തിൽ കലരുന്നു. കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള ഡീസൽ എഞ്ചിനുകളിൽ പരിമിതമായ പരിഷ്കാരങ്ങളോടെ ഇത് ഉപയോഗിക്കാമെന്ന് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇന്ത്യ അതിന്റെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നു. രാജ്യത്തെ മുൻനിര പെട്രോളിയം വിതരണ കമ്പനിയായ ഭാരത് പെട്രോളിയം ഇതിനകംതന്നെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നതിനുള്ള ഗവേഷങ്ങൾ നടത്തിവരികയാണ്.
എത്തനോൾ-ഡീസൽ മിശ്രിത പരീക്ഷണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഐസോബുട്ടനോളിലേക്കുള്ള മാറ്റം. “ഡീസലുമായി 10 ശതമാനം എത്തനോൾ കലർത്താനുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു, പക്ഷേ അവ പരാജയപ്പെട്ടു. ഇപ്പോൾ ഡീസലുമായി ഐസോബുട്ടനോളുമായി കലർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.” എന്ന് 2025 സെപ്റ്റംബറിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചിരുന്നു.
ഇന്ത്യ E20 പെട്രോൾ വിജയകരമായി പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ഡീസലിന് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണ്. ഐസോബുട്ടനോളിന്റെ ഗുണങ്ങൾ ഡീസൽ മിശ്രിതത്തിന് കൂടുതൽ അനുയോജ്യമാക്കുകയും ട്രക്കുകൾ, ബസുകൾ, മറ്റ് ഹെവി വാഹനങ്ങൾ എന്നിവയിൽ നിന്നുള്ള മലനീകരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.









