കോഴിക്കോട്: പല വെല്ലുവിളികളും നേരിടുന്നുവെന്നും സഹനങ്ങള്‍ക്ക് മുമ്പില്‍ തളരരുതെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. എല്ലാ വിധത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഒരു തരത്തിലും നിരാശപ്പെടേണ്ടതില്ല. മുന്‍ഗാമികളുടെ മാതൃക നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അശോകപുരം ഉണ്ണി മിശിഹാ പള്ളിയിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എല്ലാ കാലത്തേക്കും ഒരു കുഞ്ഞാട് നമുക്കായി കൊല്ലപ്പെട്ടിട്ടുണ്ട്. സഹനങ്ങള്‍ക്ക് മുമ്പില്‍ തളരാതെയാണ് സഭ ശക്തിയാര്‍ജിച്ചത്. ഈ ഭാരതത്തില്‍ നമ്മള്‍ ഇനിയും സുവിശേഷം പ്രസംഗിക്കും. ആരുടെയും മുമ്പില്‍ തലകുനിക്കില്ല. നമുക്ക് ധീരതയോടെ സുവിശേഷം പ്രസംഗിക്കാം. ആരുടെ മുമ്പിലും തലകുനിക്കാതെ ലോകത്ത് യുദ്ധം ഇല്ലാതാകണം. പ്രത്യാശയോടെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആര്‍എ) ബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അനുകൂല സമീപനമാണ് പ്രതീക്ഷിക്കുന്നത്. സഭ എല്ലാ കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈശോ സ്വന്തം പ്രിയപ്പെട്ടവരാലാണ് പീഡിപ്പിക്കപ്പെട്ടത്. സഭയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തളര്‍ന്നു പോകും. അവര്‍ ഇല്ലാതെയാകും. പീഡനങ്ങള്‍ വിവിധ തരത്തില്‍ നമുക്കുണ്ടാകും. സഭ എന്നും തല ഉയര്‍ത്തി നില്‍ക്കുമെന്നും മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും അവരുടെ വോട്ടവകാശം വിനിയോഗിക്കണം. അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കണം. ഇനി വരുന്ന സര്‍ക്കാര്‍ വന്യജീവി പ്രശ്‌നം കാര്യമായി പരിഗണിക്കണിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഭാരതത്തിൽ നമ്മൾ ഇനിയും സുവിശേഷം പ്രസംഗിക്കും, ആരുടെയും മുമ്പിൽ തലകുനിക്കില്ല: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ






