Headlines

കാറ്റിൽ ആളിപ്പടർന്ന് കാട്ടുതീ: പോർട്ടോ ജർമെനോയിലും ആറ്റിക്കയിലും വൻ നാശനഷ്ടം; രക്ഷാപ്രവർത്തനം ദുഷ്കരം

 

ഏഥൻസ്∙ ഗ്രീക്ക് തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയിലും (Porto Germeno) ആറ്റിക്ക– ബൊയോട്ടിയയിലും കാട്ടുതീ പടർന്നുപിടിക്കുന്നു. ആറ്റിക്ക– ബൊയോട്ടിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 27,000 ഏക്കറിലധികം കത്തിനശിച്ചതായി ഏഥൻസിലെ നാഷനൽ ഒബ്സർവേറ്ററി വിശകലനം ചെയ്ത സാറ്റ്‌ലൈറ്റ് ഡേറ്റയിൽ പറയുന്നു.പോർട്ടോ ജെർമനോയിലുണ്ടായ കാട്ടുതീയിൽ ഏകദേശം 19,970 ഏക്കർ വനമാണ് കത്തിനശിച്ചത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റാണ് തലസ്ഥാനമായ ഏഥൻസിൽ നിന്നും ഏകദേശം 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ മേഖലയിൽ കാട്ടുതീ പടർന്നു പിടിക്കാൻ കാരണമാക്കുന്നത്. നൂറുകണക്കിന് വരുന്ന അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള കഠിനശ്രമത്തിലാണ്.

 

കൊടുങ്കാറ്റിന് സമാനമായ കാറ്റ് വീശുന്നതിനാൽ വെള്ളമൊഴിച്ച് തീ അണയ്ക്കുന്ന വാട്ടർ ബോംബർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും പറന്നുയരാൻ സാധിക്കുന്നില്ല. ഇത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന കനത്ത വേനൽച്ചൂടിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും പുതിയ കാട്ടുതീയാണ് ഏഥൻസിലേത്. പോർട്ടോ ജർമെനോയിലെ ജനവാസ മേഖലകളിലേക്കും റിസോർട്ടുകളിലേക്കും തീ പടരാതിരിക്കാൻ കരമാർഗമുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 

സ്ഥലത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.