ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മക്കൾ. എറിക് ട്രംപും ഡോണൾഡ് ട്രംപ് ജൂനിയറും പിന്തുണയ്ക്കുന്ന ‘പവർസ്’ എന്ന ഡ്രോൺ നിർമ്മാണ കമ്പനി ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ സജീവമാക്കി. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപിന്റെ മക്കളുടെ പങ്കാളിത്തമുള്ള പവർസ് (Powerus) എന്ന കമ്പനി ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ ഡ്രോണുകളുടെ പ്രദർശനം ആരംഭിച്ചതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ തങ്ങളുടെ പ്രതിരോധ ഡ്രോൺ ഇന്റർസെപ്റ്ററുകൾ എങ്ങനെ സഹായിക്കുമെന്ന് കാണിക്കുന്നതിനായി നിരവധി ഗൾഫ് രാജ്യങ്ങളിൽ ഡ്രോൺ പ്രദർശനങ്ങൾ ഉൾപ്പെടെയുള്ള വിൽപ്പനകൾ കമ്പനി നടത്തുന്നുണ്ടെന്ന് പവറസ് സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ച് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
യുദ്ധത്തിൽ നിന്ന് ധാരാളം പണം സമ്പാദിക്കുന്ന ആദ്യത്തെ പ്രസിഡന്റിന്റെ കുടുംബമായിരിക്കും ഇതെന്നാണ് മുൻ ചീഫ് വൈറ്റ് ഹൗസ് എത്തിക്സ് അഭിഭാഷകനായിരുന്ന റിച്ചാർഡ് പെയിന്ററിന്റെ വിമർശനം. അതേസമയം, പവറസുമായുള്ള ട്രംപിന്റെ മക്കളുടെ കരാർ അവർക്ക് ഗണ്യമായ ഓഹരികൾ നൽകുമെന്നാണ് വിലയിരുത്തൽ.
ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നുതന്നെ തുടരുകയാണ്. ക്രൂഡ് ഓയിൽ ബാരലിന് 111.54 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.








