തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ആന്റണി രാജുവിന് തടവ് ശിക്ഷ. മൂന്നുവർഷം തടവ് ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഇതോടെ, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും.
കേസ് വിധി പറയാൻ മേൽ കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തിയിരുന്നു.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു മുൻ മന്ത്രി ആന്റണി രാജു പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. താൻ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്.
പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു. ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.








