കാസർഗോഡ് ബേവിഞ്ചയിൽ ദേശീയപാത നിർമ്മാണത്തിനിടെ പ്രതിഷേധം. ദേശീയപാത നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പ്രതിഷേധം. മേഘ കൺസ്ട്രക്ഷൻ കമ്പനി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബേവിഞ്ച സ്വദേശി ബഷീറും കുടുംബവും രംഗത്ത് എത്തിയത്. സ്ഥലം ഏറ്റെടുത്തിട്ടും മുഴുവൻ തുകയും ലഭിച്ചില്ല. വീട് പൂർണ്ണമായും ഏറ്റെടുത്ത് പണം തരണമെന്നും വീട് നിൽക്കുന്ന സ്ഥലത്ത് പണി തുടങ്ങാൻ അനുവദിക്കില്ലെന്നും കുടുംബം. ആത്മഹത്യ ഭീഷണി മുഴക്കി വീടിന് മുകളിൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വെച്ചാണ് പ്രതിഷേധം.
മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമ്മാണം നടത്തുന്ന രണ്ടാം റീച്ചിലായിരുന്നു പ്രതിഷേധം . ബേവിഞ്ചയിൽ റോഡിന് വീതി കൂട്ടണമെങ്കിൽ ബഷീറിന്റെ വീടിന്റെ മുറ്റം ഉൾപ്പെടെ ഏറ്റെടുക്കേണ്ടി വരും. ഏറ്റെടുക്കുന്ന സ്ഥലത്തിന് പണം നൽകാമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. എന്നാൽ റോഡ് നിർമ്മിച്ചാൽ വീട് താമസ യോഗ്യമല്ലെന്നും മുഴുവൻ സ്ഥലവും ഏറ്റെടുക്കണം എന്നും ചൂണ്ടിക്കാട്ടി ബഷീർ ഹൈക്കോടതിയെ സമീപിച്ചു. നിർമ്മാണ പ്രവൃത്തികൾക്ക് കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കരാർ കമ്പനി കോടതിയെ സമീപിക്കുകയും നിർമ്മാണ അനുമതി വാങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയത്.
ദേശീയപാത അതോറിറ്റി പിടിവാശി അവസാനിപ്പിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി.പൊലീസിന്റെ മധ്യസ്ഥതയിൽ കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ വീടിന്റെ ചുറ്റുമതിലിനകത്തേക്ക് പണിയെടുക്കില്ലെന്ന് ഉറപ്പുനൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.





