അര്‍ജന്റീനിയന്‍ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ചെല്‍സിയില്‍ നിന്ന് 125 മില്യണ്‍ പൌണ്ട് (ഏകദേശം 1600 കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കിയാണ് അഞ്ച് വര്‍ഷത്തേക്ക് എന്‍സോയെ സിറ്റി തങ്ങളുടെ സ്‌ക്വാഡിലേക്ക് കൊണ്ടുവരുന്നത്. ഒരു വര്‍ഷം മുമ്പ് സ്വീഡിഷ് താരം അലക്‌സാണ്ടര്‍ ഇസാക്കിനെ ന്യൂകാസില്‍ ലിവര്‍പൂളിന് നല്‍കിയതിന് സമാനമായ തുകക്കാണ് അര്‍ജന്റിനയുടെ മിഡ്ഫീല്‍ഡര്‍ അല്‍ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
2023-ല്‍ ബെന്‍ഫിക്കയില്‍ നിന്നാണ് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. 107 ദശലക്ഷം പൗണ്ടിനായിരുന്നു ആ ട്രാന്‍സ്ഫര്‍. എന്നാല്‍ ഈ സീസണില്‍ പുതിയ ക്ലബ്ബിലേക്ക് മാറാനായിരുന്നു താരത്തിന്റെ താല്‍പ്പര്യം. റയല്‍ മാഡ്രിഡിലേക്ക് എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്പാനിഷ് വമ്പന്മാര്‍ അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഇതിനിടെ റയല്‍ സോസിഡാഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലും ഫുള്‍ഹാമിനെതിരെയുള്ള പ്രീമിയര്‍ ലീഗ് ഓപ്പണിങ് മാച്ചിലും എന്‍സോ ഫെര്‍ണാണ്ടസിനെതിരെ ചെല്‍സി ആരാധകര്‍ കൂവിയിരുന്നു. ക്ലബ്ബ് വിടാനുള്ള തീരുമാനത്തിന് പിന്നില്‍ ഇക്കാരണവുമുണ്ടായിരിക്കാം.









