വാഷിങ്ടൻ ∙ പശ്ചിമേഷ്യയിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യോമാക്രമണങ്ങൾ കനക്കുന്നതിനിടയിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ മേൽ അമേരിക്കയ്ക്ക് ഇപ്പോൾ പൂർണമായ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നടിഞ്ഞിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അവകാശവാദം. ഇറാറുമായി ചർച്ചയ്ക്ക് ട്രംപ് ശ്രമിക്കുകയാണെന്ന എബിസി ന്യൂസിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞാണ് ട്രംപിന്റെ പ്രതികരണം.
ഇറാന്റെ മേൽ യാതൊരുവിധ കരാറുകളും അടിച്ചേൽപ്പിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘‘എബിസി ഫേക്ക് ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ ഇറാനെ ചർച്ചയ്ക്ക് നിർബന്ധിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. കരാറിൽ അവർ ഒപ്പിട്ടാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല. ഹോർമുസ് കടലിടുക്കിനു മേലുള്ള യുഎസ് നിയന്ത്രണവും തകർന്നടിയുന്ന ഇറാന്റെ സാമ്പത്തികാവസ്ഥയുമാണ് ഞാൻ കൂടുതൽ താൽപര്യപ്പെടുന്നത്. ഇറാൻ ഇപ്പോൾ അനിവാര്യമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്’’ – ട്രംപ് കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ സമുദ്രപാത ഇപ്പോഴും തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് പറഞ്ഞ് ഇറാൻ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ നിന്നും പുറപ്പെട്ട രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കനത്ത സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ചൊവ്വാഴ്ച ബാരലിനു നാല് ഡോളറിലധികം വർധിച്ച് കഴിഞ്ഞ അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.









