Headlines

‘എന്റെ അമ്മ ഞങ്ങളെ വളർത്തിയത് കടുത്ത ദാരിദ്ര്യത്തിൽ, ഒരു സാരിപോലും വാങ്ങില്ല’; മാതാവിനെതിരായ പരാമർശത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി

തന്റെ മാതാവിനെതിരായ പരാമർശത്തിൽ വൈകാരിക പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കടുത്ത ദാരിദ്ര്യത്തിലാണ് തന്റെ മാതാവ് തങ്ങളെയെല്ലാം വളർത്തിയത്. അവർ ഒരിക്കലും സ്വന്തമായി ഒരു പുതിയ സാരി വാങ്ങില്ല, കുടുംബത്തിനായി ഓരോ പൈസയും സമ്പാദിക്കുമായിരുന്നു. എന്റെ അമ്മയെപ്പോലെ, രാജ്യത്തെ കോടിക്കണക്കിന് അമ്മമാർ എല്ലാ ദിവസവും ‘തപസ്യ’ ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയിൽ ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്‍റെയും വേദിയിൽ നിന്നാണ് തന്‍റെ അമ്മയെ അപമാനിച്ചതെന്ന് മോദി പറഞ്ഞു.വോട്ടര്‍ അധികാര്‍ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് പ്രധാനമന്ത്രി തുറന്നടിച്ചത്.

കോടിക്കണക്കിന് അമ്മമാരെ സേവിക്കാൻ വേണ്ടി മാതാവ് എന്നെ അവരിൽ നിന്ന് വേർപെടുത്തി. ഇപ്പോൾ തന്റെ അമ്മ ജീവിച്ചിരിപ്പില്ല. അവർ നമ്മളെയെല്ലാം വിട്ടുപോയി. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ആ അമ്മയെ ആർജെഡിയും കോൺഗ്രസിന്റെയും റാലിയിൽ അപമാനിച്ചു.

സഹോദരിമാരുടെയും അമ്മമാരുടെയും മുഖങ്ങൾ എനിക്ക് കാണാൻ കഴിയും. അവർ അനുഭവിച്ച വേദന എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. ചില അമ്മമാരുടെ കണ്ണുകളിൽ നിന്ന് എനിക്ക് കണ്ണുനീർ കാണാൻ കഴിയും. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്.അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ബിഹാറിൽ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.