വടക്കുനിന്നു തെക്കോട്ടും തെക്കുനിന്നു വടക്കോട്ടും ആളുകൾ കൈമാറിക്കൈമാറി ഓടിയെത്തിച്ച രണ്ടു ദീപശിഖകളായിരുന്നു ആ വിളക്കിച്ചേർക്കലിന്റെ പ്രതീകങ്ങൾ. എഴുപതുവർഷം മുൻപ് 1956 നവംബർ ഒന്നിനു തിരുവിതാംകൂർ- കൊച്ചി സംസ്ഥാനത്തോട് മദ്രാസ് സംസ്ഥാനത്തിലെ മലബാർജില്ല കൂട്ടിച്ചേർത്ത് ഐക്യകേരളം സൃഷ്ടിച്ചതിന്റെ ജ്വലിക്കുന്ന പ്രതീകങ്ങൾ. പല രാജ്യങ്ങളായി പണ്ടേയുണ്ടായിരുന്ന കേരളം മലയാളം പറയുന്നവരുടെ ഒറ്റസംസ്ഥാനമായി പിറന്നുവീണതു തിരുവനന്തപുരത്താണ്. കൗതുകകരമായിരുന്നു സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും മുറ്റത്തുമായി നടന്ന ആ കേരളപ്പിറവിച്ചടങ്ങുകൾ.
നവംബർ ഒന്ന് വ്യാഴാഴ്ച കേരളം പിറക്കുമ്പോൾ തിരു-കൊച്ചിയിൽ രാഷ്ട്രപതി ഭരണമായിരുന്നു. സംസ്ഥാനപ്പിറവിക്കു സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ രാവിലെ 8.10നു മുൻപുതന്നെ ദർബാർഹാളിലെത്തി. മുൻ തിരു-കൊച്ചി മുഖ്യമന്ത്രിമാരായ എ.ജെ.ജോൺ, പറവൂർ ടി.കെ.നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ, കെപിസിസി പ്രസിഡന്റ് കെ.മാധവമേനോൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി.മാധവൻനായർ, എ.വി.കുട്ടിമാളുഅമ്മ, എ.പി.ഉദയഭാനു, കെ.എ.ദാമോദരമേനോൻ, ലീലാ ദാമോദരമേനോൻ, മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം.ചെറിയാൻ, തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.ഡെരീര, തിരുവനന്തപുരം മേയർ പൊന്നറ ശ്രീധർ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു സദസ്സിൽ. പട്ടംതാണുപിള്ള, സി.കേശവൻ എന്നീ മുൻമുഖ്യമന്ത്രിമാർ പങ്കെടുത്തില്ല; തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമവർമയും.
പതിനേഴ് ആചാരവെടികൾ
കേരളത്തിന്റെ ഒഫീഷ്യേറ്റിങ് ഗവർണറായി നിയമിക്കപ്പെട്ട പെണ്ട്യാല സത്യനാരായണറാവു എന്ന പി.എസ്.റാവു രാവിലെ 8.28ന് അകമ്പടിയോടെ, തുറന്നകാറിൽ ദർബാർ ഹാളിനു മുന്നിലെത്തിയതോടെ ചടങ്ങുകൾ തുടങ്ങി. അദ്ദേഹത്തെ സ്വീകരിച്ച് അകത്തേക്കാനയിച്ച തിരു-കൊച്ചി ചീഫ് സെക്രട്ടറി എൻ.ഇ.എസ്.രാഘവാചാരി ഒഫീഷ്യേറ്റിങ് ഗവർണറായി റാവുവിനെ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദിന്റെ ഉത്തരവു വായിച്ചു. നിലവിൽവരാനിരിക്കുന്ന കേരള ഹൈക്കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് കെ.ടി.കോശി ഗവർണറെ സത്യപ്രതിജ്ഞ ചെയ്യിച്ചു. ആ സമയത്ത് 17 ആചാരവെടികൾ മുഴങ്ങി. 8.35ന് ചീഫ് ജസ്റ്റിസ് കോശി, ജഡ്ജിമാരായ കെ. ശങ്കരൻ, ജി. കുമാരപിള്ള, എം.എസ്. മേനോൻ, ടി.കെ. ജോസഫ്, എൻ. വരദരാജയ്യങ്കാർ എന്നിവരെ ഗവർണർ സത്യപ്രതിജ്ഞ ചെയ്യിച്ചു. അതിനുശേഷം ദർബാർ ഹാളിൽനിന്നു പുറത്തിറങ്ങിയ ഗവർണറും സംഘവും സെക്രട്ടേറിയറ്റ് മുറ്റത്തു തയാറാക്കിയിരുന്ന പ്രസംഗവേദിയിലെത്തി. പി.എസ്.റാവുവും മദ്രാസിലെ മന്ത്രി സി.സുബ്രഹ്മണ്യവും വേദിയിലിരുന്നു. ഗവർണർ ദേശീയപതാക ഉയർത്തി അഭിവാദ്യമർപ്പിച്ച് കേരളപ്പിറവി പൊതുയോഗം ഉദ്ഘാടനം ചെയ്തു.
തീപ്പന്തങ്ങൾ ചേർന്നു, കേരളം ജ്വലിച്ചു
ആ സമയത്താണ് ആ ദീപശിഖ കടന്നുവന്നത്. ഒക്ടോബർ 30ന് കോഴിക്കോട്ടുനിന്നു കൊളുത്തി റിലേയായി സഞ്ചരിച്ചെത്തിയ ആ തീപ്പന്തവുമായി സെക്രട്ടേറിയറ്റ് മുറ്റത്തേക്കു കടന്നുവന്നത് പി.വാസവൻ എന്ന കായികതാരമായിരുന്നു. മലബാറിൽനിന്നുള്ള സൗഹാർദദീപമെന്നും ദീപയഷ്ടിയെന്നും വിളിക്കപ്പെട്ടിരുന്ന ആ ദീപശിഖ ഏറ്റുവാങ്ങിയ ഗവർണർ അതു മേയർ പൊന്നറ ശ്രീധർക്കു കൈമാറി. തിരുവിതാംകൂറിലെ ദേശീയ പ്രക്ഷോഭത്തിന്റെ തീപ്പന്തമായിരുന്ന ശ്രീധർ നിശ്ശബ്ദ പ്രാർഥനയോടെ അതു തൊട്ടടുത്തു തയാറാക്കിയിരുന്ന ധൂപസ്തംഭത്തിൽ സ്ഥാപിച്ചു. ആ നിമിഷത്തിൽ മലബാറും കൊച്ചിയും തിരുവിതാംകൂറും ഒന്നായിത്തീർന്നു കേരളം പിറന്നു.
കോഴിക്കോട്ടേക്ക്, ഒരു സൗഹാർദദീപം
അതേ സമയത്തുതന്നെ വടക്ക്, മലബാറിന്റെ അനൗദ്യോഗിക തലസ്ഥാനമായ കോഴിക്കോട്ടും മറ്റൊരു ദീപശിഖയുടെ പ്രതീകാത്മക വെളിച്ചത്തിൽ കേരളം പിറന്നു. ഒക്ടോബർ 30ന് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തു തയാറാക്കിയിരുന്ന നിലവിളക്കിൽനിന്നു മേയർ പൊന്നറ ശ്രീധർ കൊളുത്തി നൽകിയ സൗഹാർദദീപമാണ് റിലേയായി കോഴിക്കോട്ടെത്തിയത്. തിരുവനന്തപുരത്ത് വിമൻസ് കോളജ് വിദ്യാർഥി ഐവോൺ എഡ്മൺഡ്സിൽനിന്നു തുടങ്ങിയ ആ ദീപപ്രയാണശൃംഖലയിലെ അവസാനകണ്ണി കോഴിക്കോട് പ്രോവിഡൻസ് കോളജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർഥി പി.കെ.ദേവിയായിരുന്നു. കേരളപ്പിറവി പൊതുയോഗം നടന്ന മാനാഞ്ചിറ മൈതാനത്തേക്കു ദേവി ഓടിയെത്തിച്ച ദീപശിഖ മലബാർ കലക്ടർ പി.കെ.നമ്പ്യാർ ഏറ്റുവാങ്ങി ദേശീയപതാക ഉയർത്തിയതോടെ ഐക്യകേരളം യാഥാർഥ്യമായി. അവിടെ 18 ആചാരവെടികളാണു മുഴങ്ങിയത്. കേന്ദ്രമന്ത്രി വി.കെ.കൃഷ്ണമേനോനായിരുന്നു യോഗത്തിന്റെ ഉദ്ഘാടകൻ; സാമൂതിരി രാജാവ് അധ്യക്ഷനും.
‘നല്ലതൊണ്ടക്കാര’ന്റെ കാവ്യാലാപനം
ആ സമയത്ത് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി രാഘവാചാരി മലയാളത്തിന്റെ മഹാകവി വള്ളത്തോൾ നാരായണമേനോനെ ഗവർണർക്കു പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. എഴുപത്തെട്ടു വയസ്സായിരുന്ന വള്ളത്തോൾ മൈക്കിലൂടെ സദസ്സിനോടു പറഞ്ഞു: ‘ഈ അവസരത്തിൽ വായിക്കാനായി ഞാൻ എഴുതിയിട്ടുള്ള കവിത വായിക്കാൻ നല്ല തൊണ്ടയുള്ള ഒരാളെ ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.’ ‘മൂന്നുകോടി കൈകൾ’ എന്ന ആ കവിത (കേരള ജനസംഖ്യ ഒന്നരക്കോടിയെന്ന സൂചന) നല്ല തൊണ്ടയിൽ വായിച്ചത് തിരുവനന്തപുരം ആകാശവാണിയിലെ പി.ഗംഗാധരൻനായർ ആയിരുന്നു. ആകാശവാണിയിലെ പഴയ ബാലലോകം അമ്മാവനും കവിയും പാട്ടുകാരനുമായിരുന്ന ഗംഗാധരൻനായർ പി.രാമദാസിന്റെ ‘ന്യൂസ്പേപ്പർബോയ്’ ഉൾപ്പെടെ പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘മുഖാമുഖ’(1984)ത്തിലെ നായകനുമായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായിരുന്നു പ്രശസ്തയായ റേഡിയോ കലാകാരി ടി.പി. രാധാമണി.
ഗവർണറുടെ ഇംഗ്ലിഷ്, മഹാകവിയുടെ പരിഭാഷ
ഗംഗാധരൻനായരുടെ കാവ്യാലാപനത്തിനുശേഷം ഗവർണർ ഇംഗ്ലിഷിൽ പ്രസംഗിച്ചു. അതിന്റെ മലയാളപരിഭാഷ മറ്റൊരു മഹാകവി വായിച്ചു, ജി.ശങ്കരക്കുറുപ്പ്. തുടർന്നു സംസാരിച്ച തമിഴ്നാട് മന്ത്രി (തമിഴ്നാട് എന്ന സംസ്ഥാനപ്പേര് അന്നു നിലവിൽ വന്നിരുന്നില്ല) സി. സുബ്രഹ്മണ്യം ‘നിങ്ങളുടെ സംരക്ഷണത്തിലേക്ക് മദ്രാസിനോടു നൂറ്റാണ്ടുകളായി ചേർന്നുനിൽക്കുന്ന മലബാറിനെയും കാസർകോടിനെയും ഏൽപിക്കുന്നു’വെന്നു പ്രസ്താവിച്ചു. അതോടെ കേരളപ്പിറവിച്ചടങ്ങ് പൂർത്തിയായി.
ഇത്യോപ്യൻ ചക്രവർത്തിക്ക് വിരുന്ന്
തിരുവിതാംകൂറിലെ അവസാനത്തെ രാജാവും തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖൻ എന്ന ഗവർണറുമായിരുന്ന ചിത്തിരതിരുനാളിന്റെ ഭരണം ചരിത്രത്തിലേക്കു മറഞ്ഞ ആ നവംബർ ഒന്നിന് മറ്റൊരു രാജാവ് തിരുവനന്തപുരത്തുണ്ടായിരുന്നു, ഇന്ത്യാസർക്കാരിന്റെ വിശിഷ്ടാതിഥിയായി എത്തിയ ഇത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസി. കേരളപ്പിറവിച്ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും അന്നുരാത്രി കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ അദ്ദേഹത്തിന് ഔദ്യോഗികവിരുന്നു നൽകി.
ഒക്ടോബർ 30ന് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഉദ്ഘാടനം ചെയ്തശേഷം കൊല്ലംവഴി കന്യാകുമാരിക്കു പോയ ചക്രവർത്തി അവിടെനിന്നാണ് നവംബർ ഒന്നിന് ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തിയത്.
കേരളമെന്നാൽ, ഹർത്താലിൻ നടുവിൽ..
ജന്മദിനം കഴിഞ്ഞ് ഒട്ടും വൈകിയില്ല, നവംബർ അഞ്ചിന് ഐക്യകേരളത്തിലെ ആദ്യത്തെ ഹർത്താൽ നടന്നു. മാവേലിക്കര ജില്ലാക്കോടതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മാവേലിക്കരയിലെ ആ ഹർത്താൽ (ആ ദിവസമാണ് എറണാകുളത്ത് ഹൈക്കോടതിയുടെ ഉദ്ഘാടനം നടന്നത്). തലസ്ഥാനമായ തിരുവനന്തപുരവും ഒട്ടും മോശമായില്ല. ഹൈക്കോടതി ബെഞ്ച് വേണമെന്നാവശ്യപ്പെട്ട് നവംബർ ഒൻപതിന് നഗരത്തിൽ ഹർത്താൽ നടന്നു. സമരത്തിന്റെ തുടർച്ചയായി നവംബർ 19ന് സമ്പൂർണ ഹർത്താലും അരങ്ങേറി.








