Headlines

കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രൂപ്പസത്തില്‍ നിന്നും രക്ഷിക്കാന്‍ കോര്‍ക്കമ്മിറ്റി; എകെ ആന്റണിയും ശശി തരൂരും കമ്മിറ്റിയില്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും അധികാരത്തിലെത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കള്‍ക്കിടയിലെ രൂക്ഷമായ അഭിപ്രായ ഭിന്നതകളും, ഗ്രൂപ്പിസവും കോണ്‍ഗ്രസിന് മൂന്നാം വട്ടവും അധികാരം നഷ്ടമാവുന്നൊരു സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 17 അംഗ കോര്‍കമ്മിറ്റി രൂപീകരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കോര്‍കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ വി എം സുധീരന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കെ സുധാകരന്‍ എന്നിവരേയും കോര്‍കമ്മിറ്റിയുടെ ഭാഗമാക്കിയിരിക്കുകയാണ്.

കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും കോര്‍കമ്മിറ്റിയില്‍ അംഗങ്ങളാണ്. പാര്‍ട്ടിയെ ഗ്രൂപ്പടിസ്ഥാനത്തിലല്ലാതെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ഒരു സമിതിയായിട്ടായിരിക്കും കോര്‍കമ്മിറ്റി പ്രവര്‍ത്തിക്കുക. പാര്‍ട്ടിയുടെ നയമപരമായ തീരുമാനങ്ങള്‍ ചര്‍ച്ചകളിലൂടെ പ്രഖ്യാപിക്കുകയാണ് കോര്‍കമ്മിറ്റിയുടെ ചുമതല. ആഴ്ചയില്‍ ഒരിക്കല്‍ കോര്‍കമ്മിറ്റി യോഗം ചേരണമെന്നാണ് നിര്‍ദേശം.

തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് ഇതിലൂടെ എ ഐ സി സി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരുമായുള്ള കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റിയില്‍ മുന്‍ അധ്യക്ഷന്മാരെ ഉള്‍പ്പെടുത്തിയത്. എ ഐ സി സി ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷയായിരിക്കും കോര്‍ക്കമിറ്റി കണ്‍വീനര്‍.

കോര്‍കമ്മിറ്റിയുടെ ഭാഗമായി ശശി തരൂരിനെ കൂടി ഉള്‍പ്പെടുത്തിയത് ഹൈക്കമാന്റിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. വി ഡി സതീശന്‍ കെ പി സി സി പുനഃസംഘടനയില്‍ അതൃപ്തിയറിയിച്ച് രംഗത്തെത്തിയതില്‍ ഹൈക്കമാന്റ് നീരസം പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ട് കേരളത്തിലെ സംഘടനാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടതോടെയാണ് പുതിയ സംവിധാനം ഒരുങ്ങിയത്. എല്ലാതരത്തിലുള്ള ഭിന്നതകളും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റക്കട്ടൊയി മുന്നോട്ടുകൊണ്ടുപോകാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് കോര്‍കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ ഇത്തരമൊരു സംവിധാനമില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണായായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും, എല്ലാ വിഭാഗം നേതാക്കളുമായും കൂട്ടായ ചര്‍ച്ചകളുണ്ടാവണമെന്നും സംസ്ഥാന നേതൃത്വത്തിന് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരുന്നത്. എല്ലാ വിഭാഗം നേതാക്കളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കോര്‍കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കെ പി സി സി ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്ത് തീരുമാനങ്ങള്‍ ഉണ്ടാക്കുക ശ്രമകരമാണെന്നതിനാലാണ് ഒരു സ്ഥിരം സംവിധാനം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ അമിതമായി ഇടപെടുന്നു എന്ന പരാതി തള്ളിയ ഹൈക്കമാന്റ് കെ സി യെ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.