ക്രിമിനല്‍ കേസുണ്ടായാല്‍ അഡ്മിഷനില്ല എന്ന കേരള സര്‍വകലാശാല ഉത്തരവിന് എതിരെ കെഎസ്‌യു രംഗത്ത്. വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി വളരെ വിചിത്രമായവാദമാണ് വിസി നടത്തുന്നതെന്നും, ഭരണഘടനാ വിരുദ്ധ നിലപാട് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
ഡോ. മോഹന്‍ കുന്നുമ്മലിന് മീഡിയാമാനിയയാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. വിചിത്ര ഉത്തരവ് അടിയന്തരമാക്കി പിന്‍വലിക്കണം. വിദ്യാര്‍ഥി സംഘടനകളുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് ഉത്തരവ് പുറത്തിറക്കിയത്. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ കാണാതെ പോകുന്ന വൈസ് ചാന്‍സലറുടെ പ്രയോറിറ്റികള്‍ മാറുകയാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കലല്ല വൈസ് ചാന്‍സിലറുടെ ചുമതല. പ്രതിസന്ധികളും പ്രശ്നങ്ങളും ആസൂത്രിതമായി സൃഷ്ടിക്കുന്നതാണ് – കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ക്യാമ്പസുകളില്‍ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ഭാഗമായോ, മാനേജ്മെന്റുകളുടെ പ്രതികാര നടപടികളുടെ ഭാഗമായോ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ എന്ന തലത്തില്‍ സമരം നയിച്ചതിന്റെ ഭാഗമായോ കേസുകളില്‍ ഉള്‍പ്പെടേണ്ട സാഹചര്യം ഉണ്ടാകും. വിദ്യാര്‍ഥി സമരങ്ങളുടെ ഭാഗമായി കേസുകളില്‍ ഉള്‍പ്പെട്ട് റിമാന്റില്‍ കഴിയുന്ന സാഹചര്യത്തില്‍ പോലും പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നല്‍കുന്നുണ്ട് എന്നുള്ളത് കാണാതെ പോകരുത്. വിദ്യാര്‍ഥി വിരുദ്ധ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. കെഎസ്‌യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായി അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.