പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധം, കശ്മീർ ടൂറിസത്തെ നശിപ്പിക്കാനായിരുന്നു ശ്രമം’; വിദേശകാര്യ മന്ത്രി

പഹൽഗാം ഭീകരാക്രമണം സാമ്പത്തിക യുദ്ധമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാശ്മീരിലെ ടൂറിസത്തെ നശിപ്പിക്കാൻ ആയിരുന്നു ശ്രമം. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനും ഭീകരവാദികൾ ലക്ഷ്യം വെച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനോടുള്ള നിലപാടിൽ വിട്ടുവീഴ്ച പാടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.

ഭീകരർക്ക് ശിക്ഷാ ഇളവ് നൽകരുതെന്നും മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ഭീകരവാദമെന്ന് കേന്ദ്രമന്ത്രി മന്ത്രി എസ് ജയശങ്കർ പറഞ്ഞു. “ഒരു രാജ്യം ഭീകരതയെ പിന്തുണയ്ക്കുകയും, അത് നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുമ്പോൾ, അത് പരസ്യമായി വിളിച്ചുപറയേണ്ടത് അത്യാവശ്യമാണ്” ജയശങ്കർ കൂട്ടിച്ചേർത്തു.
ഭീകരതയെ വിദേശനയത്തിന്റെ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു.