എഫ്സിആർഎ ബില്ലിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സംവാദത്തിന് വെല്ലുവിളിച്ച് ഹൈബി ഈഡൻ എംപി. എഫ്സിആർഎ നിയമ ഭേദഗതി വോട്ടെടുപ്പിന് ശേഷം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ബില്ലിന് പിന്നിൽ ആർഎസ്എസ് പ്രത്യയശാസ്ത്രമാണ്. ക്രൈസ്തവരുടെ സ്കൂളുകൾ അടക്കം അടച്ചു പൂട്ടുകയാണ് നീക്കമെന്നും ഹൈബി ഈഡൻ പറഞ്ഞു.എഫ്സിആർഎ ബില്ലിൽ ആശങ്ക ഉയർന്നത് കൊണ്ടാണ് യുഡിഎഫ് എംപിമാർ ഡൽഹയിൽ എത്തിയത്. സിബിസിഐ നിലപാട് അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദി കേരളത്തിൽ വന്നപ്പോൾ പറഞ്ഞത് മോദിയുടെ ഗ്യാരന്റി എന്നാണ്. എഫ്സിആർഎ ബില്ല് മോദിയുടെ ഗ്യാരന്റിയാണോയെന്ന് ഹൈബി ഈഡൻ ചോദിച്ചു. കേരളത്തിലെ മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിഭജിക്കാൻ വഖഫ് ഭേദഗതി ബില്ല് കൊണ്ട് വന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി.ബിജെപിയുടെ കാരുണ്യത്തിലാണ് കേരളത്തിലെ ക്രൈസ്തവർ ജീവിക്കുന്നത് എന്ന് സുരേഷ് ഗോപി, പിസി ജോർജ്, രാജീവ് ചന്ദ്രശേഖർ എന്നിവർ പറയുന്നത്. ബില്ല് ഏപ്രിൽ 9ന് ശേഷം കേന്ദ്രം വീണ്ടും കൊണ്ട് വരും. സുതാര്യത ഉറപ്പാക്കാൻ നിലവിൽ തന്നെ സംവിധാനമുണ്ട്. കോൺഗ്രസ് ശക്തമായി ബില്ലിനെ എതിർക്കും. പാസ്സ് ആക്കാൻ അനുവദിക്കില്ലെന്ന് ഹൈബി ഈഡൻ വ്യക്തമാക്കി.
ബില്ലിനെതിരെ പാർലമെൻറിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും. ശക്തമായി എതിർക്കും ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ നടത്തും. നിരവധി അന്താരാഷ്ട്ര സംഘടനകൾ ഇതിനോടകം ഇന്ത്യയിൽ പ്രവർത്തനം നിർത്തി. ഇക്കാര്യം വർഷങ്ങളായി കേന്ദ്ര സർക്കാരിനോട് പറയുന്നു. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു.








