Headlines

‘വിബി ജി റാം ജി’ ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്ല് ഇന്ന് ലോക്സഭയില്‍ ചര്‍ച്ചക്ക് വരും. കഴിഞ്ഞ ദിവസം ബില്ല് അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനൊപ്പം, വേതനത്തിന്റെ 40% ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടി വെക്കുന്നതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

അതേസമയം, തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും 125 ആയി വര്‍ധിപ്പിച്ചു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ന്യായീകരണം. ബില്ല് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ബില്ല് വിശദീകരുക്കുക.

അതിനിടെ, എഐസിസി അധ്യക്ഷന്‍ മല്ലി കാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് രാവിലെ 9.30ന് മാധ്യമങ്ങളെ കാണും. പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കും.

ബില്ല് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിച്ച ഘട്ടത്തില്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. അധികാര വികേന്ദ്രീകരണത്തിനും ഭരണഘടനക്കും വിരുദ്ധമായ ബില്ല് പിന്‍വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ഭരണപക്ഷം എതിര്‍ത്തതോടെ ഗാന്ധി തന്റെ കുടുംബത്തിന്റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്റേതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ പേര് നില്‍ക്കുന്നതിന് ശക്തമായി എതിര്‍ത്ത ശശി തരൂര്‍ എംപി, ഗാന്ധിജിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതി അല്ലെന്ന് വ്യക്തമാക്കി. കെസി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, സുപ്രിയ സുലെ, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കള്‍ ബില്ലവതരണത്തെ എതിര്‍ത്തു.

ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്ത് വന്നു. ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷം നടുതളത്തിലിറങ്ങിയതോടെ ബില്ല് സഭയുടെ മേശപ്പുറത്ത് വച്ചു. ഗാന്ധി ഹമാര ഹേയ് വാക്യങ്ങളുമായി സഭാ കവാടത്തിലും ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു. ബില്ല് സഭയില്‍ ചര്‍ച്ചയ്ക്ക് എത്തുമ്പോഴും ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.