അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളവും; രാജ്യം പദ്ധതിക്ക് വന്‍ തുക നീക്കിവയ്ക്കുന്നതെന്തിന്? കേരളത്തിന് എത്രമാത്രം നേട്ടമുണ്ടാകും?

അപൂര്‍വ ധാതു ഇടനാഴി സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട് കേരളം. മാറിവരുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അപൂര്‍വ ധാതുക്കള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴി പദ്ധതിയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി രൂപപ്പെടുത്തുന്ന അപൂര്‍വ ധാതു ഇടനാഴിയില്‍ കേരളം കൂടാതെ തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുമുണ്ട്. ( Budget 2026: Why India is building rare Earth mineral corridor).അപൂര്‍വ ധാതുക്കളുടെ പ്രാധാന്യമെന്ത്?

സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ മുതല്‍ യുദ്ധ വിമാനങ്ങളുടെ ഉള്‍പ്പെടെ നിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന അസംസ്‌കൃത വസ്തുവാണ് അപൂര്‍വ ധാതുക്കള്‍. രാസപരമായി സമാനമായ 17 മൂലകങ്ങളുടെ ഒരു കൂട്ടമാണ് അപൂര്‍വ ധാതുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. സ്‌കാന്‍ഡിയം, യിട്രിയം എന്നിവയ്ക്കൊപ്പം 15 ലാന്തനൈഡുകളും ഉള്‍പ്പെടുന്നു. അപൂര്‍വ ധാതുക്കള്‍ എന്നാണ് പേരെങ്കിലും ഈ ധാതുക്കള്‍ അത്ര അപൂര്‍വമായി കാണപ്പെടുന്നവയാണെന്ന് പൂര്‍ണ അര്‍ഥത്തില്‍ പറയാനാകില്ല. പക്ഷേ അവയെ യഥാര്‍ഥത്തില്‍ അപൂര്‍വ ധാതുക്കളോ കിട്ടാക്കനികളോ ആക്കി മാറ്റുന്നത് ഇത് ഖനനം ചെയ്ത് വേര്‍തിരിക്കാനും പ്രൊസസ് ചെയ്യാനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകളാണ്.ധാതുക്കളും ചൈനയും ചില ‘ആത്മനിര്‍ഭര്‍’ സ്വപ്‌നങ്ങളും

2025 നവംബറിലാണ് അപൂര്‍വധാതു ഖനനവുമായി ബന്ധപ്പെട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഈ പദ്ധതി നടത്തിപ്പിനായുള്ള സുപ്രധാന ചുവടുവയ്പ്പാണ് കേരളം ഉള്‍പ്പെടെ നാലുസംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ധാതു ഇടനാഴി. അപൂര്‍വധാതുക്കളുടെ ഖനനം, പ്രൊസസിങ്, ഗവേഷണം, നിര്‍മാണം തുടങ്ങിയവയാണ് അപൂര്‍വ ധാതു ഇടനാഴിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഫോണുകളും ഇലക്ട്രിക് വാഹനങ്ങളുമൊക്കെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നത് പരിഗണിക്കുമ്പോള്‍ അപൂര്‍വ ധാതുക്കളുടെ ലഭ്യത പ്രധാന വിഷയമായി വരും. അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയിലും വ്യവസായത്തിലും നിലവില്‍ ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്. അപൂര്‍വ ധാതുക്കളുടെ ഇറക്കുമതിയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കൂടി വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അപൂര്‍വ ധാതുക്കളുടെ ഖനന പദ്ധതിക്കൊപ്പം സെമി കണ്ടക്ടര്‍ മിഷന്‍ 2.Oയുടെ ഭാഗമായി 40000 കോടിയും ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാശ്രയത്വത്തിലേക്കുള്ള അഥവാ ആത്മനിര്‍ഭരതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇതിനെ കാണാം.

ധാതു ഇടനാഴിയുടെ പ്രാധാന്യം? കേരളത്തിന് എന്തുചെയ്യാനാകും?

ഒഡിഷയിലെ ചില ധാതുമേഖകള്‍, കേരളത്തിലെ ചവറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍, ആന്ധ്രയുടേയും തമിഴ്‌നാട്ടിലേയും തീരദേശങ്ങള്‍ എന്നിവ ധാതുഖനനത്തിന് ഭൂമിശാസ്ത്രപരമായി അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിക്കുന്ന ഇടനാഴി വഴി കേരളം മാത്രം 42,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് അപൂര്‍വ ധാതു ഇടനാഴി സൃഷ്ടിക്കുന്നതിലൂടെ ഖനന പ്രദേശങ്ങളും പ്രൊസസിങ് സൈറ്റുകളും സപ്ലൈ യൂണിറ്റുകളും തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കാനാകും.